കൊല്ലം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കല്‍ നടപടിയിലൂടെ വാണിജ്യമേഖല കൂടുതല്‍ സുതാര്യമാകുകയാണെന്ന് ആള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പണമില്ലെന്ന കാരണം പറഞ്ഞ് നാട്ടില്‍ ഒരാളുടെയും വിവാഹം മുടങ്ങിയിട്ടില്ല. നവംബര്‍ എട്ടിന് ശേഷം നിശ്ചയിക്കപ്പെട്ട രീതിയില്‍ വിവാഹങ്ങള്‍ നടന്നുവെന്നത് കുപ്രചാരണങ്ങളുടെ പൊള്ളത്തരം വിളിച്ചുപറയുന്നതാണ്. കറന്‍സിരഹിത സമൂഹം എന്നത് യാഥാര്‍ത്ഥ്യമാകുന്നതോടെ സാമ്പത്തിക വിനിമയം കൂടുതല്‍ ലളിതവും സുതാര്യവുമാകുമെന്ന് നേതാക്കള്‍ പറഞ്ഞു.
അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഡിസംബര്‍ 3, 4 തീയതികളില്‍ ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ.എസ്.അബ്ദുള്‍നാസര്‍, സംസ്ഥാന സെക്രട്ടറി ബി. പ്രേമാനന്ദ് എന്നിവര്‍ അറിയിച്ചു. നാലിന് രാവിലെ 9.30ന് നടക്കുന്ന പ്രതിനിധി സമ്മേളനം ധനമന്ത്രി തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിക്കും. മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ എം. നൗഷാദ്, ജി.എസ്. ജയലാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ് എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബി.ഗിരിരാജന്‍ അദ്ധ്യക്ഷത വഹിക്കും. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി, മേയര്‍ വി.രാജേന്ദ്രബാബു എന്നില്‍ സംസാരിക്കും. സാംസ്‌കാരിക സമ്മേളനം എം.മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
















