തൃശൂര്‍:ആവശ്യമായതിന്റെ ഇരട്ടിയോളം ജീവനക്കാര്‍ നിലനില്‍ക്കേ കോര്പ്പറേഷന് വൈദ്യുതി വിഭാഗത്തില്‍ ക്രമവിരുദ്ധമായി 50 ജീവനക്കാരെ താല്ക്കാലികാടിസ്ഥാനത്തില് നിയമിച്ചുകൊണ്ടുള്ള മേയറുടെ മുന്‍കൂര്‍ അനുമതി പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലില്‍ തടയപ്പെട്ടു.
28 ലൈന്മാന്മാരേയും 22 വര്‍ക്കര്‍മാരേയും നിയമിച്ചുകൊണ്ടായിരുന്നു മേയര്‍ അജിത ജയരാജന്റെ നടപടി. പി.എസ്.സി വഴിയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും മാത്രമേ നിയമനം പാടുള്ളൂ എന്നാണ് നിയമമെങ്കിലും അതിന് വിരുദ്ധമായി 50 ജീവനക്കാരെ ടെണ്ടര്‍ വിളിച്ച് കരാര്‍ നല്‍കാനായിരുന്നു തീരുമാനം. ഒരാള്‍ക്ക് 505 രൂപ നിരക്കില്‍ ജീവനക്കാരെ നല്‍കാനുള്ള രാജീവ് വര്‍ഗ്ഗീസ് എന്നയാളുടെ ടെണ്ടര്‍ അംഗീകരിച്ച് മുന്‍കൂര്‍ നിയമനത്തിന് മേയര്‍ ഉത്തരവ് നല്‍കിയിരുന്നു. അതനുസരിച്ച് നിയമനം നല്‍കുകയും ചെയ്തതാണ്.മേയറുടെ മുന്‍കൂര്‍ അനുമതികളെല്ലാം തൊട്ടടുത്ത കൗണ്‍സില്‍ യോഗത്തില്‍ വെച്ച് അംഗീകരിക്കണമെന്നാണ് ചട്ടമെങ്കിലും 10 മാസത്തിന് ശേഷം മുന്‍കൂര്‍ അനുമതി നിയമാനുസൃതം സാധൂകരിക്കുന്ന വിഷയം കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കെത്തിയത് ചട്ടവിരുദ്ധമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
ഇതുസംബന്ധിച്ച് ടെണ്ടര്‍ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗീകരിച്ച് കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടതാണ്. ഫയല്‍ കൗണ്‍സില്‍ പരിഗണിക്കാന്‍ പിന്നേയും 9 മാസമെടുത്തു. നിയമനം ലഭിച്ചവരെല്ലാം 10 മാസമായി ജോലി ചെയ്തുവരുന്നുണ്ട്.മൂന്ന് സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ 9 പേരാണ് ജോലി ചെയ്യുന്നത്.4.80 രൂപ നിരക്കില്‍ മീറ്റര്‍ റീഡിങ്ങിന് നല്കിയ കരാറും ടെണ്ടറും തീരുമാനമെടുക്കാനാകാതെ മാറ്റിവെച്ചു. കരാറുകാരന് രാജീവ് വര്‍ഗ്ഗീസിന് രാജന് പല്ലന്റെ കാലത്ത് നല്കിയ കരാര്‍ കാലാവധി 2016 ഏപ്രിലില്‍ തീര്‍ന്നതായിരുന്നു.
കരാര്‍ തുടരുന്നതിന് സന്നദ്ധത പ്രകടിപ്പിച്ച ഇയാള്‍ നല്കിയ കത്ത് മരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി യോഗം അംഗീകരിച്ചതാണെങ്കിലും ആറ് മാസം പിന്നിട്ടിട്ടും കൗണ്‍സില്‍ അംഗീകാരത്തിന് വന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: