കുമളി : പ്രതീക്ഷിച്ച അളവില്‍ തുലാമഴ ലഭിക്കാതെ വന്നതോടെ ജില്ലയിലെ ഹൈറേഞ്ച് മേഖല കൊടുംവരള്‍ച്ചയിലേക്ക് നീങ്ങുന്നു. കാലവര്‍ഷത്തോടൊപ്പം തുലാ മഴയും ഗണ്യമായി കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അടക്കമുള്ള സംഭരണികളില്‍ ജലനിരപ്പ് ഓരോ ദിവസവും ക്രമാതീതമായി കുറഞ്ഞുവരുകയാണ്. ഇടുക്കി ജില്ലയില്‍ മഴയുടെ അളവില്‍ നാല്പത് ശതമാനംകുറവ് ഉണ്ടായതായി കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ കൊടുംവരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാര്‍ഷിക വിളകള്‍ക്ക് മാത്രമല്ല വൈദ്യുതിയും കുടിവെള്ള ക്ഷാമവും നേരിടേണ്ടി വരും. ഇപ്പോള്‍ തന്നെ ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലെ ജല സംഭരണികള്‍ വറ്റി തുടങ്ങി. മുന്‍പ് വര്‍ഷം മുഴുവന്‍ നീര്‍ചാലുകളായിരുന്ന അരുവികളും പ
ുഴകളും വെറും പാറ കൂട്ടങ്ങളായി മാറി. പുതിയതായി നിര്‍മ്മിക്കുന്ന കുഴല്‍ കിണറുകളില്‍ നിന്ന് കുടിവെള്ളം പോലും ലഭിക്കുന്നില്ല. കുമളി ഉള്‍പ്പെടെ ചില തദ്ദേശ സ്ഥാപനങ്ങള്‍ ജനരോക്ഷത്തെ തുടര്‍ന്ന് കുഴല്‍കിണറുകളില്‍ നിന്ന് വ്യവാസായിക അടിസ്ഥാനത്തില്‍ ജലം ചൂഷണം ചെയ്യുന്നത് നിരോധിച്ചു. വണ്ടിപ്പെരിയാര്‍, പീരുമേട്, ചക്കുപള്ളം തുടങ്ങിയ പഞ്ചായത്തുകളിലെ കുന്നിന്‍ പ്രദേശങ്ങളില്‍ ഏലം കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ക്ക് വരള്‍ച്ച ബാധിച്ചു തുടങ്ങി. സാധാരണ ഡിസംബര്‍ മാസങ്ങളില്‍ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ന്യൂനമര്‍ദ്ദം മൂലം ഉണ്ടാകുന്ന അപ്രതീക്ഷിത മഴ മാത്രമാണ് ബാക്കിയുള്ള പ്രതീക്ഷ എന്നാണ് കര്‍ഷകര്‍ പറയുന്നത്.
















