നവംബര്‍ 8ന് രാത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും എതിരായ യുദ്ധ പ്രഖ്യാപനം മാത്രമായിരുന്നില്ല. കറന്‍സി രഹിത ഇന്ത്യയെന്ന സങ്കല്പ്പത്തിലേക്കുള്ള യാത്രയുടെ ആരംഭം കൂടിയായിരുന്നു. ജനസംഖ്യയുടെ 65 ശതമാനം മുപ്പതു വയസ്സില്‍ താഴെയുള്ള യുവാക്കളുള്ള ഭാരതത്തിന് സാധ്യമായില്ലെങ്കില്‍ ലോകത്തിലെ മറ്റേതു രാജ്യത്തിന് സാധ്യമാക്കാനാകും എന്ന് പ്രധാനമന്ത്രി രാജ്യത്തോടായി വിളിച്ചു പറഞ്ഞിരിക്കുന്നു.
കണക്കില്‍പെടാതെ, വരുമാന നികുതി നല്‍കാതെ സൂക്ഷിച്ചുവെച്ച കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍, കള്ളനോട്ടുകള്‍ എന്നിവയുടെ ആധിക്യം രാജ്യത്തിന്റെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിച്ചു തുടങ്ങിയതോടെയാണ് നോട്ട് നിരോധനമെന്ന ബ്രഹ്മാസ്ത്രം ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നവംബര്‍ 9 മുതല്‍ 1000, 500 രൂപാ നോട്ടുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പൗരന്മാര്ക്കായി പ്രത്യക ക്രമീകരണങ്ങളും രാജ്യത്തേര്പ്പെടുത്തി.
പഴയ നോട്ടുകള്‍ ഡിസംബര്‍ 30ന് മുമ്പായി ബാങ്കുകളില്‍ കൊടുത്ത് മാറ്റിയെടുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. ബാങ്ക് കൗണ്ടറുകളില്‍ നല്കി നോട്ടുകള്‍ മാറ്റാനുള്ള സാവകാശം പത്തുദിവസങ്ങള്‍ക്ക് ശേഷം പിന്‍വലിച്ചെങ്കിലും പഴയ നോട്ടുകള്‍ സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ച് പുതിയ നോട്ടുകള്‍ വാങ്ങിയെടുക്കാന്‍ ഡിസംബര്‍ അവസാനം വരെ സമയമുണ്ട്. ആളുകള്‍ക്ക് ചെറിയ തുക നല്കി ക്യൂവില്‍ നിര്‍ത്തി പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന നടപടികളുമായി കള്ളപ്പണക്കാര്‍ രംഗത്തെത്തിയതോടെയാണ് പഴയ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ ഇടണമെന്ന നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ചത്.
ചെക്ക്, ഡിഡി, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍, ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് തടസ്സങ്ങളില്ല. എടിഎമ്മുകള്‍ വഴി 2,500 രൂപയും ബാങ്കില്‍ നിന്ന് ആഴ്ചയില്‍ 24,000 രൂപ വരെയും പിന്‍വലിക്കാം. വിവാഹാവശ്യങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയും പിന്‍വലിക്കാന്‍ സാധിക്കും.
ഇതിന് പുറമേ പഴയ അഞ്ഞൂറു രൂപ നോട്ടുകള്‍ ഉപയോഗിച്ച് ലഭ്യമാകുന്ന സേവനങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
- ഡോക്ടറുടെ കുറിപ്പടിയോടെ സര്‍ക്കാര്‍ ആശുപത്രികളിലും ഫാര്‍മസികളിലും ചികിത്സയ്ക്കും മരുന്നുവാങ്ങുന്നതിനും.
- ഡോക്ടറുടെ കുറിപ്പടിയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയുമായി എല്ലാ ഫാര്‍മസികളില്‍ നിന്നും മരുന്നുകള്‍ക്കായി.
- റെയില്‍വേ ടിക്കറ്റ് കൗണ്ടറുകളിലും എയര്‍പോര്‍ട്ടുകളിലെ ടിക്കറ്റ് കൗണ്ടറുകളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ്സുകളിലും.
- കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള പാല് ബൂത്തുകളില്‍.
- പെട്രോള്‍, ഡീസല്‍, സിഎന്‍ജി എന്നിവ വാങ്ങുന്നതിന്.
- ശ്മശാനങ്ങളില്‍.
- അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വരുന്നതും പോകുന്നതുമായ യാത്രക്കാര്‍ക്ക്.
- വിദേശ വിനോദ സഞ്ചാരികള്‍ക്ക് നോട്ട് മാറ്റാന്‍.
- ഉപഭോക്തൃ സഹകരണ സംഘങ്ങളില്‍ നിന്ന് ഒരുസമയം 5000 രൂപ വരെയുള്ള സാധനങ്ങള്‍ വാങ്ങുന്നതിന്.
- പാചകവാതക സിലിണ്ടറുകള്‍ക്ക്.
- ട്രെയിന്‍ യാത്രയില്‍ കാറ്ററിംഗ് സര്‍വ്വീസുകള്‍ക്ക്.
- സബര്‍ബന്‍, മെട്രോ റെയില്‍ ടിക്കറ്റുകള്‍ക്ക്.
- ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ കീഴിലുള്ള കേന്ദ്രങ്ങളിലെ പ്രവേശനത്തിന്.
- കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്ഥാപനങ്ങളിലെ ഫീസുകള്‍, പിഴകള്‍ എന്നിവയ്ക്ക്.
- ജല,വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നതിന്.
- കോടതി ഫീസുകള്‍ക്ക്.
- ചുമതലപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് വിത്തുകള്‍ വാങ്ങുന്നതിന്.
- കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള സ്കൂളുകളില്‍ 2000 രൂപ വരെയുള്ള ഫീസ് അടയ്ക്കാന്‍.
- കേന്ദ്ര-സംസ്ഥാന കോളേജുകളിലെ ഫീസടയ്ക്കാന്‍.
- അഞ്ഞൂറു രൂപ വരെ പ്രീപെയിഡ് സിമ്മുകളിലെ ടോപ്പ് അപ്പിന്. എന്നിവയ്ക്ക് പഴയ നോട്ടുകളുപയോഗിക്കാം.
നോട്ടുകള്‍ അസാധുവാക്കിയതിലെ വിഷമതകള്‍ പരിഹരിക്കാന്‍ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങി. ഗ്രാമങ്ങളിലെ ബാങ്ക് ബ്രാഞ്ചുകളും 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളും 1.20ലക്ഷം ബാങ്കിംഗ് കറസ്പോണ്ടന്റുമാരുടെ ശൃംഖലയും വിപുലീകരിച്ചു. നോട്ട് റദ്ദാക്കിയതിന് ശേഷം റൂപെ കാര്‍ഡുകളുടെ ഉപയോഗം 300 ശതമാനത്തോളം വര്‍ദ്ധിച്ചു. കാര്‍ഡുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഡിസംബര്‍ 31 വരെ ട്രാന്സാക്ഷന് ചാര്‍ജ്ജുകള്‍ (എഡിആര്‍) ഈടാക്കില്ലെന്ന് തീരുമാനിച്ചു. റൂപെ കാര്‍ഡുകള്‍ക്കുള്ള സ്വിച്ചിംഗ് ചാര്‍ജ്ജുകള്‍ ഒഴിവാക്കാന്‍ നാഷണല്‍ പേയ്മെന്റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ)യും തീരുമാനിച്ചു. ഡിസംബര്‍ 31 വരെ കാര്‍ഡുകളുടെ വിനിമയത്തിനുള്ള ഫീസായ മെര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കില്ല. ബാങ്കുകളുടെ സേവനം ഉപയോഗിക്കുന്നതടക്കമുള്ള വിനിമയ നിരക്കുകളും ഈ കാലയളവില്‍ ബാധകമല്ല.
ബാങ്കിങ്ങും പണമടയ്ക്കലുമായി ബന്ധപ്പെട്ട യുഎസ്എസ്ഡി ചാര്‍ജ്ജുകള്‍ (അണ്‍സ്ട്രക്ച്ചേഡ് സപ്ളിമെന്ററി സര്‍വ്വീസ് ഡേറ്റ നിരക്കുകള്‍) ഓരോ സെഷനും ഒന്നര രൂപയില്‍ നിന്ന് അമ്പത് പൈസയായി കുറയ്ക്കാന്‍ ടെലിക്കോം അതോറിട്ടി ഓഫ് ഇന്ത്യ (ട്രായി) തീരുമാനിച്ചു. ഡിസംബര്‍ 31 വരെ ഈ അമ്പത് പൈസ ഈടാക്കില്ലന്ന് ടെലികോം കമ്പനികളും അറിയിച്ചിട്ടുണ്ട്.
ടോള്‍ പിരിവ് സുഗമമാക്കുന്നതിന് പുതിയ വാഹനങ്ങളില്‍ ഇലക്ട്രോണിക് ടോള്‍ പിരിവിനുള്ള റേഡിയോ ഫ്രീക്വന്‍സി സംവിധാനം (ആര്‍എഫ്ഐഡി) സജ്ജമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു.
ജീവനക്കാര്‍ക്ക് പണം നല്‍കുന്നതുള്‍പ്പെടെ ഇന്റര്‍നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സ്, കാര്‍ഡുകള്‍, ആധാറുമായി ബന്ധിപ്പിച്ച പണം നല്കല് തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി മാത്രമാക്കാന്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
കര്‍ഷകര്‍ക്ക് കാര്‍ഷിക വായ്പ വിതരണത്തിന് സംസ്ഥാന സഹകരണ ബാങ്കുകളിലൂടെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് 21,000 കോടിരൂപ ലഭ്യമാക്കും. ആവശ്യമനുസരിച്ച് നബാര്‍ഡ് അധിക സഹായം നല്‍കും. ഒരു കോടി രൂപ വരെ ഭവന, വാഹന വായ്പകള്‍ അടക്കം എടുത്തവര്‍ക്ക് തിരിച്ചടവിന് 60 ദിവസം കൂടുതല്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ടോള്‍ ബൂത്തുകളിലും നവംബര്‍ 9 മുതല്‍ സൗജന്യമായാണ് യാത്ര അനുവദിക്കുന്നത്.
ഇത്തരം പദ്ധതികള്‍ക്കൊപ്പം തന്നെ കറന്‍സി രഹിത ഇടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ നടപടികളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു.
ബിജെപി ഭരണ സംസ്ഥാനമായ ഗോവയാണ് ആദ്യ കറന്‍സി രഹിത സംസ്ഥാനമാകാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. ഡിസംബര്‍ 31 ന് മുമ്പായി കറന്‍സി ഇടപാടുകള്‍ പരമാവധി ഇല്ലാതാക്കാനാണ് ഗോവയുടെ ലക്ഷ്യം. 15 ലക്ഷം ജനങ്ങളുള്ള ഗോവയില്‍ 17 ലക്ഷം ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഒരാള്‍ക്ക് ഒന്നിലധികം അക്കൗണ്ടുകളുണ്ട്. 22 ലക്ഷം മൊബൈല്‍ ഫോണ്‍ കണക്ഷനുകളും സംസ്ഥാനത്തുണ്ട്. ഈ അനുകൂല സാഹചര്യം പരമാവധി മുതലാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ചെറുകിട വ്യാപാരികള്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും മറ്റ് അവശ്യ സാധന വില്പ്പനക്കാര്ക്കുമെല്ലാം ഡിജിറ്റല്‍ പേമെന്റിന്റെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. സാധാരണ മൊബൈല്‍ ഫോണ്‍ ഉള്ളവര്‍ക്ക് പോലും ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയ ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും.
മധ്യപ്രദേശ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളും ഇതേ സംവിധാനം നടപ്പാക്കാനുള്ള നടപടികളുമായി അതിവേഗത്തില്‍ മുന്നോട്ടുപോവുകയാണ്. രാജ്യത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫീസുകള്‍ ഇ-പേയ്മെന്റ് മാര്‍ഗ്ഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലും മറ്റ് സര്‍ക്കാര്‍ ഓഫീസുകളിലും ഡിജിറ്റല്‍ പേമെന്റ് സംവിധാനം സ്വീകരിക്കാന്‍ ജീവനക്കാര്‍ സ്വയം തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്.
ബാങ്ക് രേഖകളില്‍ ഉള്‍പ്പെടുത്താത്ത ഒരു രൂപ പോലും രാജ്യത്തെ പൗരന്മാരുടെ കൈവശം ഉണ്ടാകരുതെന്ന ലക്ഷ്യത്തിലേക്കാണ് ഇന്ത്യന്‍ സമ്പദ് രംഗത്തിന്റെ യാത്ര. കള്ളപ്പണക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാരുടേയും നടുവൊടിക്കുന്ന മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാന്‍ പോകുന്നതും.
അവസാന അവസരം
കള്ളപ്പണത്തിനെതിരായ നടപടികള്‍ ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ ആദായനികുതി നിയമഭേദഗതി കൊണ്ടുവരുന്നു. വന്‍ നികുതി നിര്‍ദ്ദേശങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഉറവിടം വെളിപ്പെടുത്താന്‍ കഴിയാത്ത പണം കൈവശം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് അവസാനത്തെ അവസരം എന്ന നിലയില്‍ നിയമപ്രകാരം പണം നിക്ഷേപിക്കാം. ഉയര്‍ന്ന ആദായ നികുതി വ്യവസ്ഥകള്‍ ബാധകമാകും എന്നുമാത്രം.
- ഉറവിടം വെളിപ്പെടുത്താനാവാത്ത പണം കൈവശമുള്ളവര്‍ക്ക് 50 ശതമാനം നികുതി നില്‍കി പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജനയില്‍ പണം നിക്ഷേപിക്കാം. അടുത്തവര്‍ഷം ഏപ്രില്‍ വരെ ഇതിന് സമയവും അനുവദിച്ചിട്ടുണ്ട്.
- ഈ അവസരം പ്രയോജനപ്പെടുത്താതെ പൂഴ്ത്തിവച്ച പണം പിന്നീട് പിടിക്കപ്പെട്ടാല്‍ 85 ശതമാനം വരെ നികുതി ഈടാക്കും. ഇതിന്റെ ഭാഗമായി ആദായനികുതി നിയമത്തില്‍ ഭേദഗതികള്‍ വരുത്തിക്കൊണ്ടുള്ള ബില്‍ ലോക്സഭയില്‍ കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലി അവതരിപ്പിച്ചു. പദ്ധതിപ്രകാരം പണം നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ബില്‍ പാസാക്കിയ ശേഷം തീരുമാനിക്കും.
- ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കുന്ന കള്ളപ്പണത്തിന്റെ 25 ശതമാനം ഗരീബ് കല്യാണ്‍ ഡെപ്പോസിറ്റ് സ്കീം-2016 എന്ന പദ്ധതിയില്‍ നിക്ഷേപിക്കണം. നാല് വര്‍ഷം കഴിഞ്ഞേ ഈ തുക പിന്‍വലിക്കാന്‍ സാധിക്കൂ. പലിശ രഹിത നിക്ഷേപമായിരിക്കും ഇത്. ബാങ്ക്, സഹകരണ ബാങ്ക്, ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ എന്നിവ വഴി പണം നിക്ഷേപിക്കാം. നിക്ഷേപത്തിന് മുമ്പുതന്നെ നികുതിയും പിഴയും അധിക നികുതിയും ഒടുക്കണം.
- ഇത്തരത്തില്‍ വെളിപ്പെടുത്തിയ കള്ളപ്പണം ആദായനികുതി കണക്കാക്കുമ്പോള്‍ വ്യക്തിയുടെ മൊത്തം വരുമാനത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.
അതേസമയം വിദേശനാണയ ചട്ടവുമായി ബന്ധപ്പെട്ട നിയമങ്ങള്‍, കള്ളക്കടത്ത് തടയാനുള്ള ചട്ടം എന്നിവ പ്രകാരം കേസുള്ളവരും, ശിക്ഷിക്കപ്പെട്ടവരും, ഇന്ത്യന്‍ ശിക്ഷാനിമയം, മയക്കുമരുന്ന് ചട്ടം, ബിനാമി സ്വത്ത് ചട്ടം, നിയമവിരുദ്ധ നടപടികള്‍ തടയാനുള്ള ചട്ടം എന്നിവയനുസരിച്ച് നിയമനടപടികള്‍ നേരിടുന്നവര്‍, ഓഹരിസംബന്ധമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, വിദേശത്ത് കള്ളപ്പണമുള്ളവര്‍ എന്നിവരെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: