തൃശൂര്‍: നോട്ട് പ്രശ്നത്തില്‍ നരേന്ദ്രമോദിക്കെതിരായ അസഹിഷ്ണുതയില്‍ കൈകോര്‍ത്ത് കോര്‍പ്പറേഷനില്‍ ഇടതും വലതും. കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഇടതുപക്ഷ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ നല്കി. അനാവശ്യമായ പ്രമേയത്തില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍യോഗം ബഹിഷ്കരിച്ചു. നോട്ട് പ്രതിസന്ധി പ്രത്യേക ചര്‍ച്ചയായി അവതരിപ്പിച്ചായിരുന്നു പ്രമേയം. സി.പി.എമ്മിലെ പി.വി. കൃഷ്ണന്‍കുട്ടി ഉന്നയിച്ച ചോദ്യം പിന്നീട് മേയറുടെ അനുമതിയോടെ പ്രമേയമാക്കി മാറ്റുകയായിരുന്നു.
പ്രമേയത്തെ പ്രതിപക്ഷത്തെ 22 അംഗങ്ങളും പിന്തുണക്കുന്നതായി കോണ്‍ഗ്രസ് കക്ഷി നേതാവ് അഡ്വ. എം.കെ മുകുന്ദനും പ്രഖ്യാപിച്ചു. നോട്ട് നിരോധന നടപടിയെയും, പ്രധാനമന്ത്രിയെയും, ബി.ജെ.പിയെയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്.
പ്രമേയത്തിനോട് വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കിയ ബി.ജെ.പി അംഗം കെ.മഹേഷ് കോണ്‍ഗ്രസ് സി.പി.എം രഹസ്യ കൂട്ടുകെട്ട് പുറത്തുവന്നുവെന്ന് കുറ്റപ്പെടുത്തി. കോര്‍പ്പറേഷനില്‍ റിലയന്‍സ് നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കാന്‍ തയ്യറുണ്ടോ എന്നും മറുചോദ്യമുയര്‍ത്തി.
എം.എസ്.സമ്പൂര്‍ണ്ണ,കെ രാവുണ്ണി,പുര്‍ണിമ സുരേഷ് വിന്‍ഷി അരുണ്‍കുമാര്‍, ഐ.ലളിതാംബിക തുടങ്ങിയവരും ബി.ജെ.പി പക്ഷത്തുനിന്നും സംസാരിച്ചു. ഒടുവില്‍ പ്രമേയം അംഗീകരിക്കാന്‍ തീരുമാനിച്ചതോടെ ബി.ജെ.പി അംഗങ്ങള്‍ ബഹിഷ്കരണം പ്രഖ്യാപിച്ചു. കൗണ്‍സില്‍ ഹാളിന് പുറത്തിറങ്ങിയ ഇവര്‍ പ്രമേയത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
വഴിയോരകച്ചവടക്കാരുടെ പുനരധിവാസത്തെ ചൊല്ലിയും കൗണ്‍സിലില്‍ തര്‍ക്കം രൂക്ഷമായി. ഭരണപക്ഷത്ത് നിന്നും സി.പി.എമ്മിലെ അഡ്വ.രാമദാസ് ആണ് വിഷയം ഉന്നയിച്ചത്. പുനരധിവാസ നടപടികള്‍ എന്തുവരെയായെന്നും നടപടികള്‍ വിശദീകരിക്കാനും ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കത്തിലേക്ക് കടന്നത്. ലിസ്റ്റ് പരിശോധിക്കുന്നില്ലെന്നും, ഇപ്പോള്‍ കച്ചവടം നടത്തുന്ന എല്ലാവരെയും പുനരധിവസിപ്പിക്കുമെന്നും അടുത്ത ആഴ്ച്ചയോടെ പൂര്‍ത്തിയാക്കുമെന്നും മേയര്‍ അജിത ജയരാജന് കൗണ്‍സിലിനെ അറിയിച്ചു. പറവട്ടാനിയിലെ എ.ബി. സിയുടെ കീഴിലുളള വന്ധ്യംകരണകേന്ദ്രത്തില്‍ ഇതുവരെ മൂന്നുറിലധികം നായ്ക്കളെ ശസ്ത്രക്രിയക്കു വിധേയമാക്കിയെന്ന് മേയര്‍ പറഞ്ഞു.
ജില്ലാപഞ്ചായത്താണ് പദ്ധതി ജില്ലയില്‍ ഏകോപിപ്പിക്കേണ്ടതെന്നു ഡെപ്യൂട്ടിമേയര്‍ അറിയിച്ചു. എടക്കുന്നിയില്‍ നാനൂറിലധികം വീടുകള്‍ക്ക് കിണര്‍ മലിനീകരണം മൂലം കുടിവെളളം നിഷേധിക്കപ്പെട്ടിരിക്കുന്നതും ചര്‍ച്ചയായി. ലാലൂരിലെ പൊതുശ്മശാനം മതില് കെട്ടി സുരക്ഷിതമാക്കണമെന്നും ആവശ്യമുയര്‍ന്നു. നഗരത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം മാലിന്യം കലര്‍ന്നതാണെന്നും അടിയന്തര നടപടിയെടുക്കണമെന്നും കോര്‍പറേഷന്റെ ഓട്ടിസം സെന്ററിനോടു ചേര്‍ന്ന് തൊഴില്‍ പരിശീലനകേന്ദ്രം ആരംഭിച്ച് ശാരീരിക മാനസിക വെല്ലുവിളി നേടുന്ന കുട്ടികള്‍ക്ക് സാഹചര്യമുണ്ടാക്കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: