ന്യൂദല്‍ഹി: മാതാപിതാക്കള്‍ സ്വന്തം സമ്പാദ്യം കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ ജീവിക്കാന്‍ ആണ്‍മക്കള്‍ക്ക് നിയമപരമായ അവകാശമില്ലെന്ന് ദല്‍ഹി ഹൈക്കോടതി. മാതാപിതാക്കള്‍ അനുവദിക്കുമെങ്കില്‍ അവരുടെ ദയാവായ്‌പില്‍ താമസിക്കാം.
മകനും മാതാപിതാക്കളും നല്ല ബന്ധത്തിലായിരിക്കുമ്പോള്‍ താമസിക്കാന്‍ അനുവദിച്ചത് ജീവിതകാലം മുഴുവന്‍ ‘ശല്യം’ സഹിക്കേണ്ടതിന് ന്യായീകരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മകന്‍ വിവാഹിതനാണോ അല്ലയോ എന്നുള്ളത് പ്രസക്തമല്ലെന്നും ജസ്റ്റിസ് പ്രതിഭാറാണി ഉത്തരവില്‍ വ്യക്തമാക്കി. പാരമ്പര്യമായി കിട്ടിയ വീടുകള്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.
മാതാപിതാക്കള്‍ക്ക് അനുകൂലമായ കീഴ്‌ക്കോടതി ഉത്തരവിനെതിരെ മകനും ഭാര്യയും നല്‍കിയ അപ്പീല്‍ തള്ളിയാണ് കോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്. മകനെയും ഭാര്യയെയും വീട്ടില്‍ നിന്നൊഴിവാക്കാനാണ് മാതാപിതാക്കള്‍ കീഴ്‌ക്കോടതിയെ സമീപിച്ചത്. ഇവര്‍ തങ്ങളുടെ ജീവിതം നരകതുല്യമാക്കുന്നതായി മുതിര്‍ന്ന പൗരന്മാരായ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു.
വീട്ടില്‍ താമസിക്കുന്നത് തടയാനാവശ്യപ്പെട്ട് പോലീസില്‍ പരാതിയും നല്‍കി. കോടതിയില്‍ ആരോപണങ്ങള്‍ നിഷേധിച്ച മകനും ഭാര്യയും വീട് നിര്‍മ്മിക്കാന്‍ പണം ചെലവഴിച്ചതിനാല്‍ തങ്ങള്‍ക്കും വസ്തുവില്‍ തുല്യ അവകാശമുണ്ടെന്ന് വാദിച്ചു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മകനും ഭാര്യയും വീടിന്റെ തുല്യ അവകാശികളാണെന്ന് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടി.
















