കോട്ടയം: സാധാരണ ജനവിഭാഗങ്ങളെ തെറ്റദ്ധരിപ്പിച്ച് ലഹളകള്‍ ഉണ്ടാക്കി രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള രാഷ്‌ട്രീയപാര്‍ട്ടികളുടെ ശ്രമം പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ്ജ് കുര്യന്‍ അഭിപ്രായപ്പെട്ടു. കള്ളപ്പണ സഹകരണ മുന്നണികള്‍ക്കെതിരെ ബിജെപി സംഘടിപ്പിച്ച ജനകീയ സദസ്സ് കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ഉണ്ടാകാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വളരെ മുന്നൊരുക്കത്തോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് രണ്ടക്കം കവിഞ്ഞിരുന്നു. നാണയപ്പെരുപ്പം പിടിച്ച് നിര്‍ത്തിയശേഷമാണ് നോട്ട് നിരോധനം നടപ്പിലാക്കിയത്. വിദേശനാണ്യ ശേഖരത്തിലും വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കി. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിച്ചുവന്ന വ്യാപാരക്കമ്മിയും മോദി സര്‍ക്കാര്‍ കുറച്ചുകൊണ്ടുവന്നു. ഭാരതത്തിന്റെ വളര്‍ച്ച 4.4ശതമാനയാത് 7.5ശതമാനമാക്കി ഉയര്‍ത്തി. ഇത്തരത്തില്‍ നോട്ട് നിരോധനം രാഷ്‌ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഒരു തരത്തിലും ബാധിക്കാത്ത തരത്തില്‍ മുന്നൊരുക്കങ്ങള്‍ നടത്തി.
ഭക്ഷ്യസുരക്ഷാബില്ലിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങള്‍ കുറഞ്ഞവിലയ്‌ക്ക് ഭാരതത്തില്‍ എല്ലാവര്‍ക്കും കിട്ടാനും ഭക്ഷണം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. ആരോഗ്യ സംരക്ഷണരംഗത്ത് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കി. ഇത്തരം മുന്നൊരുക്കങ്ങള്‍ ചെയ്തില്ലായിരുന്നെങ്കില്‍ ആരുടെയും പ്രേരണ കൂടാതെ തന്നെ രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുമായിരുന്നു.
സഹകരണ മേഖലയില്‍ 90ശതമാനം ആളുകളും അദ്ധ്വാനിക്കുന്ന സാധാരണക്കാരാണ്. ഇവര്‍ നിക്ഷേപിക്കുന്നത് കള്ളപ്പണമല്ല. എന്നാല്‍ 10ശതമാനം ആളുകള്‍ കള്ളപ്പണമാണ് നിക്ഷേപിക്കുന്നത്. പലസഹകരണ ബാങ്കുകളിലെയും നിക്ഷേപത്തിന്റെ 90ശതമാനം ഇത്തരക്കാരുടേതാണ്. ഇത് പരിശോധിക്കപ്പെടണം. ഇതനുവദിക്കാനാവില്ലെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും പറയുന്നത്. കള്ളപ്പണവും കള്ളനോട്ടും വ്യാപിച്ചതോടെ വസ്തുവിന് ക്രമാതീതമായി വിലകൂടി. ഇതിന്റെ ഫലമായി സാധാരണക്കാരന്‍ തലചായ്‌ക്കാന്‍ ഇടമില്ലാതെ തെരുവുകളിലേക്ക് ഇറങ്ങേണ്ട സ്ഥിതിവന്നു. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ജിഹാദി ഭീകരവാദമാണ് സിപിഎമ്മിന്റെ വിപ്ലവം. ജിഹാദികളെ വെടിവച്ചുകൊന്നാല്‍ അവിടെ മനുഷ്യാവകാശം പറയും ജിഹാദികള്‍ മനുഷ്യരെക്കൊന്നാല്‍ മനുഷ്യാവകാശമില്ല. ഇതാണ് കമ്മ്യൂണിസ്റ്റുകാരുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എന്‍.ഹരിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി, അഡ്വ.എം.എസ്.കരുണാകരന്‍, അഡ്വ.നോബിള്‍ മാത്യു, ടി.എന്‍.ഹരികുമാര്‍, കെ.പി.സുരേഷ്, ലിജിന്‍ലാല്‍, പി.ആര്‍.മുരളീധരന്‍, എന്‍.കെ.ശശികുമാര്‍, കെ.പി.ഭുവനേശ്, സി.എന്‍.സുഭാഷ്, റീബാ വര്‍ക്കി, വിനോദിനി വിജയകുമാര്‍, എം.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
















