ആലപ്പുഴ: എഫ്‌സിഐയിലെ ചുമുട്ടുതൊഴിലാളികളെ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ വഞ്ചിച്ചതായി പരാതി. തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍പോലും തൊഴിലാളിവര്‍ഗ്ഗപാര്‍ട്ടിയുടെ പ്രതിനിധിയെന്ന് അവകാശപ്പെടുന്ന മന്ത്രി ഇല്ലാതാക്കിയെന്ന് എഫ്‌സിഐ വര്‍ക്കേഴ്‌സ് യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തല്‍ കുറ്റപ്പെടുത്തി. 1965 മുതല്‍ കാലങ്ങളായി തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളാണ് മന്ത്രി ഇടപെട്ട് നിര്‍ത്തലാക്കിയത്.
ഹോള്‍സെയില്‍ ഡീലേഴ്‌സ് അസോസിയേഷനും സിവില്‍ സപ്ലൈസ് ആലപ്പുഴ സപ്ലൈകോ മാനേജരും തൊഴിലാളി യൂണിയനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഒരു ലോഡിന് 800 രൂപ വീതം നല്‍കിയിരുന്നു. ഒരു ദിവസം പരമാവധി 20 ലോഡാണ് കയറ്റിയിരുന്നത്. 49 തൊഴിലാളികളാണ് ഇവിടെയുള്ളത്. ഇതിന്‍പ്രകാരം പരമാവധി 400 രൂപയില്‍ താഴെമാത്രമേ തൊഴിലാളിക്കു ലഭിക്കുകയുള്ളൂ. എന്നാല്‍ ഇതുപോലും മന്ത്രി ഇടപെട്ട് നിര്‍ത്തലാക്കി. സര്‍ക്കാരിന് യാതൊരു നേട്ടവുമില്ല. മൊത്ത വ്യാപാരികള്‍ക്ക് മാത്രമാണ് ഇതിന്റെ നേട്ടമെന്നും അവര്‍ കുറ്റപ്പെടുത്തി.
















