ന്യൂദല്‍ഹി: പ്രഥമ അന്താരാഷ്‌ട്ര ഗീതാ മഹോത്സവം ഡിസംബര്‍ ആറ് മുതല്‍ പത്ത് വരെ ഹരിയാനയില്‍ നടക്കും. മഹാഭാരത യുദ്ധത്തിനും ഗീതോപദേശത്തിനും സാക്ഷിയായ കുരുക്ഷേത്രയിലാണ് സനാതന ധര്‍മത്തിന്റെ, സമഭാവനയുടെ ആഘോഷമായി ഗീതാമഹോത്സവം അരങ്ങേറുന്നത്. ആറിന് രാവിലെ 11.30ന് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരാണ് പരിപാടി സംഘടിപ്പിക്കുന്നത്. മഹാഭാരതത്തിലെ പുണ്യസ്ഥലങ്ങളെ സംയോജിപ്പിച്ച് നടപ്പാക്കുന്ന കൃഷ്ണ സര്‍ക്യൂട്ടിന്റെ ശിലാസ്ഥാപന കര്‍മവും രാഷ്‌ട്രപതി നിര്‍വ്വഹിക്കും. തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ നവീകരണമുള്‍പ്പെടെ നൂറ് കോടി രൂപയാണ് ചെലവ്. 18,000 വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഗീതാപാരായണം നടത്തും.
ഇത് ലോകറെക്കോര്‍ഡാകുമെന്നാണ് കരുതുന്നത്. ഗീതയില്‍ ഭഗവാന്‍ കൃഷ്ണന്‍ ഉരുവിട്ട 575 ശ്ലോകങ്ങള്‍ രാജ്യത്തെ 575 ജില്ലയില്‍ നിന്നുള്ള യുവതീ യുവാക്കള്‍ അവതരിപ്പിക്കും. പരമ്പരാഗത വേഷമാകും ഇവര്‍ ധരിക്കുക. ഇത്രയും ജില്ലകളില്‍ നിന്നുള്ള മണ്ണുപയോഗിച്ച് രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും പ്രതീകമായി കൃഷ്ണ വിഗ്രഹം നിര്‍മിക്കും. കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. പ്രമുഖ കലാകാരന്മാരും ശാസ്ത്രജ്ഞരും സംബന്ധിക്കും. ഗീത മതഗ്രന്ഥം മാത്രമല്ലെന്നും ലോകത്തിനുള്ള സന്ദേശമാണെന്നും ഖട്ടാര്‍ ചൂണ്ടിക്കാട്ടി.
















