തൃപ്രയാര്‍: പ്രസിദ്ധമായ തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് വന്‍തിരക്ക്. ഏകാദശിയുടെ ഭാഗമായി പുലര്‍ച്ചെ മുതല്‍ വിശേഷാല്‍ പൂജകള്‍ നടന്നു. തുടര്‍ന്ന് പ്രഭാതശീവേലിക്ക് തേവരെ സ്വര്‍ണക്കോലത്തില്‍ എഴുന്നള്ളിച്ചു. ദേവസ്വം സീതാരാമന് സ്വര്‍ണക്കോലം വഹിച്ചു. തിരുവമ്പാടി ചന്ദ്രശേഖരന്, ഒളരി പൂതൃക്കോവില്‍ പാര്‍ത്ഥസാരഥി എന്നീ ഗജവീരന്മാര് ഇടത് വലത് അകമ്പടിയായി. എഴുന്നള്ളിപ്പില്‍ 19 ആനകള്‍ അണിനിരന്നു. കിഴക്കൂട്ട് അനിയന്മാരാരുടെ നേതൃത്വത്തിലുള്ള പാഞ്ചാരിമേളം എഴുന്നള്ളിപ്പിന് കൊഴുപ്പേകി. ക്ഷേത്രം ഊട്ടുപുരയില്‍ പതിനായിരം പേര്‍ക്കുള്ള ഏകാദശി ഊട്ടിനും രാവിലെ മുതല്‍ തുടക്കമായി. ഗോതമ്പ് ചോറ്, രസക്കാളന്‍, അച്ചാര്‍ എന്നീ വിഭവങ്ങള്‍ നല്കി. ചൂടിന്റെ ആധിക്യം കുറക്കുന്നതിനായി ആനകളെ എഴുന്നള്ളിക്കുന്നതിന് മുമ്പായി ക്ഷേത്രാങ്കണത്തില്‍ വെള്ളമടിച്ച് തണുപ്പിക്കുകയും ചെയ്തിരുന്നു. എലിഫന്റ് സ്ക്വാഡും ക്ഷേത്രത്തില്‍ എത്തിയിരുന്നു.
ഏകാദശിമഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. വലപ്പാട് പോലീസ്, ക്ഷേത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍, സ്പെഷല്‍ പോലീസ് ജീവനക്കാര്‍, ആക്ട്സ്, സുരക്ഷ ആംബുലന്‍സ് സര്‍വീസുകള്‍, കുടിവെള്ളവിതരണം എന്നിവയും ഏര്‍പ്പെടുത്തിയിരുന്നു.
ക്ഷേത്രം കിഴക്കേ നടപ്പുരയില്‍, കാഞ്ചികാമകോടി ആസ്ഥാനവിദ്വാന്‍ ടിപിഎന്‍ രാമനാഥന്, ചാത്തമംഗംലം യുവരാജ് എന്നിവര്‍ നയിച്ച സ്പെഷല്‍ നാഗസ്വരകച്ചേരിയും നടന്നു. തുടര്‍ന്ന് മുരിയാട് മുരളീധരനും സംഘവും ഓട്ടന്തുള്ളല് അവതരിപ്പിച്ചു. ഉച്ചക്ക് നടന്ന എഴുന്നള്ളിപ്പില്‍ ധ്രുവംമേളം അരങ്ങേറി. കൊച്ചിന് ദേവസ്വം ബോര്‍ഡ് സ്പെഷല്‍ കമ്മീഷണര്‍ കെ.ആര്.ഹരിദാസ്, തൃപ്രയാര്‍ ദേവസ്വം മാനേജര്‍ എം.മനോജ്കുമാര്‍ തുടങ്ങി ദേവസ്വം അധികൃതരും നിരവധി ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: