ആചാര്യന്‍ ശിഷ്യന്റ ശ്രേയസ്സിനായി അദ്ധ്യയനം ചെയ്യിക്കുമ്പോള്‍ ശിക്ഷയേല്‍പിച്ച് ദണ്ഡിക്കാതെ വേണം പഠിപ്പിക്കേണ്ടത്. ധര്‍മ്മമറിയുന്ന ആചാര്യന്‍ പഠിപ്പിക്കുമ്പോള്‍ മൃദുവായും മധുരമായുമുള്ള വാക്കുകള്‍ ഉപയോഗിക്കണം. വാക്കും മനസ്സും ശുദ്ധമായിരിക്കുകയും അക്കാര്യത്തില്‍ എപ്പോഴും ശ്രദ്ധവയ്‌ക്കുകയും ചെയ്യുന്നവന്‍ വേദാന്തശാസ്ത്രത്തില്‍ പറഞ്ഞിരിക്കുന്ന സര്‍വഫലങ്ങളെയും പ്രാപിക്കുന്നു.
‘ഋത’മാണ് വാക്കിന്റെ ശുദ്ധി. ഋതമെന്നാല്‍ ശാസ്ത്രങ്ങളില്‍ക്കൂടിയും മനനാദികളില്‍ക്കൂടിയും ശുദ്ധവും സത്യവുമെന്ന് കണ്ടെത്തിയ വാക്കാണ്. രാഗം, ദ്വേഷം മുതലായവ ഇല്ലായ്‌മയാണ് മനസ്സിന്റെ ‘ശുദ്ധി’. വാക്ശുദ്ധിയും മനഃശുദ്ധിയും നിലനിര്‍ത്തിക്കൊണ്ടിരിക്കെ മറ്റൊരു നിഷിദ്ധമാര്‍ഗത്തിലേക്ക് പോകാതിരിക്കലാണ് ‘ഗോപനം’. ശോകനാശം, സര്‍വജ്ഞത്വം, മോക്ഷം ഇവയാണ് ‘വേദഫല’ങ്ങള്‍.
സ്വയം ദുഃഖിതനായാലും ആചാര്യന്‍ അന്യന് പീഡയേല്‍പ്പിക്കുന്ന വാക്കുകള്‍ പറയരുത്. അന്യന് ദ്രോഹമാകുന്ന ഒരു കര്‍മ്മവും ചെയ്യരുത്. അന്യര്‍ തന്നോട് ചെയ്യുന്ന ആദരത്തെ വിഷത്തെ ഭയക്കുന്നതുപോലെ പേടിക്കണം. അന്യര്‍ ചെയ്യുന്ന അപമാനത്തെ സര്‍വദാ അമൃതംപോലെ ആഗ്രഹിക്കുകയും വേണം. സമ്മാനം അഹങ്കാരത്തെ വര്‍ദ്ധിപ്പിക്കുന്നതുകൊണ്ട് അതിനെ ഭയപ്പെടണമെന്നും അപമാനത്തെ സ്വാഗതം ചെയ്യണമെന്നും സാരം.
അന്യര്‍ ചെയ്യുന്ന അപമാനത്തില്‍ ഖേദിക്കാത്തവന്‍ സുഖമായി ഉറങ്ങുന്നു; സുഖമായി ഉണരുന്നു; സുഖമായി കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു. അപമാനിക്കുന്നവനാകട്ടെ ആ പാപത്തിന്റെ ഫലമായി നശിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അപമാനങ്ങളില്‍ വ്യാകുലപ്പെടാതെ സമചിത്തതയോടെ വീക്ഷിക്കാന്‍ കഴിയുന്നവന് സുഖമായി ജീവിക്കാം. (മനുസ്മൃതിയില്‍നിന്ന്)
















