ന്യൂദല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ നടപടി വിശദമായ വാദത്തിനായി സുപ്രീംകോടതി ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. നോട്ട് അസാധുവാക്കിക്കൊണ്ട് ആര്‍ബിഐ പുറത്തിറക്കിയ ഉത്തരവിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ ഡിസംബര്‍ രണ്ട് വെള്ളിയാഴ്ച അറിയിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയിലെത്തിയത്. ഇതില്‍ ആര്‍ബിഐയുടെ ഉത്തരവിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.
ഡിസംബര്‍ രണ്ടിന് മൂന്ന് കാര്യങ്ങള്‍ ഒന്നിച്ച് പരിഗണിക്കാനാണ് കോടതിയുടെ തീരുമാനം. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കും, ആര്‍ബിഐ ഉത്തരവിന്റെ നിയമസാധുത, നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന എല്ലാ അപേക്ഷകളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജിയുമാണ് പരിഗണിക്കുക.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും ഇത് എന്തൊക്കെയാണെന്ന് സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു. ഈ തീരുമാനത്തിലൂടെ വലിയ ലാഭം രാജ്യത്തിന് വരാന്‍ പോകുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ വാദിച്ചു.
ഈ വാദങ്ങള്‍ കേട്ട കോടതി വിഷയം ഗൗരവകരമാണെന്നും വിശദമായ വാദം വേണമെന്നും ഉത്തരവിടുകയായിരുന്നു.
















