കോഴിക്കോട്: 500, 1000 നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചുവെന്ന് പ്രചരിപ്പിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ ജനജീവിതം സ്തംഭിപ്പിക്കുന്നു. 28 ന് 12 മണിക്കൂര്‍ ഹര്‍ത്താലാണ് എല്‍ഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാലയങ്ങളിലെ പരീക്ഷകള്‍, ഉപജില്ലാ കലോത്സവങ്ങള്‍, തുടങ്ങി നിരവധി പരിപാടികള്‍ മാറ്റിവെക്കേണ്ടിവന്നിരിക്കുകയാണ്. മണ്ഡല കാലം ആരംഭിച്ചതോടെ ശബരിമല തീര്‍ത്ഥാടകരെയും ഹര്‍ത്താല്‍ വലയ്‌ക്കും. മറ്റു സംസ്ഥാനങ്ങളില്‍ ഹര്‍ത്താലില്ലാത്തതിനാല്‍ സംസ്ഥാന അതിര്‍ത്തികളിലെത്തുന്ന തീര്‍ത്ഥാടകരാണ് ഏറെ ബുദ്ധിമുട്ടുക. മണ്ഡല കാലമായതിനാല്‍ ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന ആവശ്യത്തെ മുന്‍ നിര്‍ത്തി വ്യാപാരി വ്യവസായി സംഘടന പോലും നേരത്തെ കടയടപ്പ് സമരം മാറ്റിവെച്ചിരുന്നു.
ആദ്യ ദിവസങ്ങളിലെ പ്രതിസന്ധി അയഞ്ഞു തുടങ്ങിയതിന് ശേഷമാണ് സിപിഎം വന്‍ എതിര്‍പ്പുമായി രംഗത്തു വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ട് കനറ ബാങ്ക്, എസ്ബിഐ എന്നിവിടങ്ങളില്‍ 500 രൂപയുടെ കറന്‍സി കൂടി എത്തിയതോടെ ബാങ്കുകളിലെ തിരക്കിന് ശമനമുണ്ടായിട്ടുണ്ട്. 80 ശതമാനം എടിഎമ്മുകളും പൂര്‍വസ്ഥിതിയില്‍ പ്രവര്‍ത്തന ക്ഷമമായിട്ടുണ്ട്. ഇതിനിടയിലാണ് ഹര്‍ത്താല്‍ പ്രഖ്യാപനത്തിലൂടെ സിപിഎമ്മും ഇടതുപക്ഷവും ജനങ്ങളെ വലയ്‌ക്കുന്നത്. ശനി, ഞായര്‍ ബാങ്ക് അവധിയായതിനാല്‍ തിങ്കളാഴ്ചഒരു പ്രവൃത്തി ദിവം കഴിഞ്ഞാല്‍ ചൊവ്വാഴ്ച വീമ്ടും ബാങ്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെടും. കറന്‍സി ക്ഷാമം നേരിട്ടപ്പോള്‍ മന്ദീഭവിച്ച കച്ചവടം സജീവമാവുന്നതിനിടയിലാണ് ഹര്‍ത്താലിനെ നേരിടേണ്ടിവരുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെച്ചൊല്ലി ഉണ്ടായ വിവാദത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സഹകരണ ബാങ്കുകളിലെ നിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്ന ന്യായം ജനങ്ങളുടെ മുന്നില്‍ വിലപ്പോകാതെയായതാണ് സിപിഎമ്മിന് തിരിച്ചടിയായത്.
















