ന്യൂദല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തില്‍ കള്ളപ്പണക്കാര്‍ക്ക് ആശങ്കയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപനത്തെ തുടര്‍ന്ന് കള്ളപ്പണക്കാര്‍ അശങ്കയിലാണ്. എന്തെന്നാല്‍ അവരുടെ കൈവശമുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ അവര്‍ക്ക് സമയം ലഭിച്ചില്ലെന്നതാണ് ഇതിന് കാരണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഒരുപക്ഷേ നവംബര്‍ എട്ടിന് 500,1000 നോട്ടുകള്‍ അസാധുവാക്കി കൊണ്ട് താന്‍ നടത്തിയ പ്രഖ്യാപനത്തില്‍ 72 മണിക്കൂര്‍ സമയമാണ് അനുവദിച്ചിരുന്നതെങ്കില്‍ അത് എല്ലാവര്‍ക്കും നല്ല തീരുമാനമാകുമായിരുന്നു. കള്ളപ്പണത്തിനെതിരേയും അഴിമതിക്കെതിരേയും സാധാരണക്കാര്‍ പട്ടാളക്കാരായി മാറുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അഴിമതിയുടെ കാര്യത്തില്‍ ആഗോള തലത്തില്‍ ഇന്ത്യയുടെ സ്ഥാനം വളരെ താഴെയാണ്. അതിനിയും മെച്ചപ്പെടണമെന്നും അവരവരുടേതായ പണം ഉപയോഗിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
















