ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത് പുതുതായി ക്ഷേത്രം പണിയുന്നതിനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തി. പ്രകൃതിദത്തമായ ആറാട്ട് നടക്കുന്ന മഹാദേവക്ഷേത്രം വര്‍ഷക്കാലത്ത് വെള്ളപ്പൊക്കം മൂലം ഇടവം മുതല്‍ തുലാംവരെ നിത്യേന രാവിലെയും വൈകുന്നേരവും പൂജകഴിഞ്ഞ ദേവചൈതന്യം തിടമ്പില്‍ ആവാഹിച്ച് മുകളിലെ ക്ഷേത്രത്തില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. മഴക്കാലത്ത് മലവെള്ളം ഉണ്ടാകുന്ന സമയത്തുപോലും മുകളിലെ ക്ഷേത്രം വെള്ളം കയറാത്തവിധം സുരക്ഷിതമാണ്. ഈ ക്ഷേത്രമാണ് ദശലക്ഷക്കണക്കിന് പണം ചിലവിട്ട് മണപ്പുറത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമം നടത്തുന്നത്. മുകളിലെ ക്ഷേത്രം മണല്‍പ്പുറത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള ചില നീക്കങ്ങള്‍ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ വിഎച്ച്പിയുടെയും ഭക്തജനങ്ങളുടെയും എതിര്‍പ്പുമൂലം ഈ ശ്രമം ദേവസ്വം ബോര്‍ഡ് ഉപേക്ഷിക്കുകയായിരുന്നു. വിഎച്ച്പിയുടെ പരാതിയെ തുടര്‍ന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ സ്ഥലം സന്ദര്‍ശിക്കുകയും ക്ഷേത്രം മാറ്റിസ്ഥാപിക്കുന്നത് വിലക്കുകയും ചെയ്തു. ദേവപ്രശ്‌നവിധിയും. ഇതൊന്നും വകവയ്‌ക്കാതെയാണ് ദേവസ്വം ബോര്‍ഡ് മണല്‍പ്പുറത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ നീക്കം നടക്കുന്നത്. പുഴതീരങ്ങള്‍ സ്ഥിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് നിയമം നിലവിലുണ്ട്.
നഗരസഭ പണിത മഴവില്‍ റസ്റ്റോറന്റ് പൊളിച്ചുനീക്കിയത് സുപ്രീം കോടതി ഉത്തരവിലൂടെയാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട മണപ്പുറത്ത് താല്‍ക്കാലിക സാമ്പത്തിക നേട്ടങ്ങള്‍ക്കായി ചിലര്‍ നടത്തുന്ന വഴിവിട്ട ശ്രമങ്ങള്‍ ക്ഷേത്രവിരുദ്ധവും ആചാരവിശ്വാസ സങ്കല്‍പ്പങ്ങള്‍ക്ക് എതിരാണ്. ഭക്തജനങ്ങളുടെ സൗകര്യവും സുരക്ഷയും കണക്കിലെടുത്ത് സ്ഥലം വിസ്തൃതി വര്‍ദ്ധിപ്പിച്ച് മണപ്പുറത്തിന്റെ അടിസ്ഥാന സൗകര്യവികസനം നടപ്പിലാക്കുകയാണ് ദേവസ്വം ചെയ്യേണ്ടതെന്ന് ഹിന്ദുഐക്യവേദി ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറഞ്ഞു.
ദേവസ്വം ഓംബുഡ്‌സ്മാന്‍, ദേവസ്വം സെക്രട്ടറി, കമ്മീഷന്‍ എന്നിവര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. ഹിന്ദുഐക്യവേദി ജില്ല സെക്രട്ടറി ടി.എസ്. സത്യന്റെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. വിഎച്ച്പി ജില്ല പ്രസിഡന്റ് ആര്‍.കെ. കൃഷ്ണകുമാര്‍, ഹിന്ദുഐക്യവേദി താലൂക്ക് സെക്രട്ടറി എം.ജി. രമേശന്‍, ജോയിന്റ് സെക്രട്ടറി ടി.യു. മനോജ്, മുന്‍സിപ്പല്‍ സെക്രട്ടറി എം.ജി. ബാബു, സേവഭാരതി സെക്രട്ടറി രമണന്‍ ചേലക്കുന്ന്, ബിജെപി മുന്‍സിപ്പല്‍ പ്രസിഡന്റ് സതീഷ്‌കുമാര്‍, മാതൃസമിതി പ്രസിഡന്റ് സതീലക്ഷ്മി ആക്ഷന്‍കൗണ്‍ല്‍ ചെയര്‍മാന്‍ ഒ.സി. കുട്ടന്‍, ഗോപി, മണി തുടങ്ങിയ വിവിധ സംഘടന നേതാക്കള്‍ നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു.
















