കൊച്ചി: 15-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഓവറോള്‍ കിരീടം കോതമംഗലം ഉപജില്ലയ്‌ക്ക്. സ്‌കൂളുകള്‍ തമ്മിലുള്ള പോരില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂള്‍ തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടി. 623 പോയിന്റുകള്‍ നേടിയാണ് കോതമംഗലം ഉപജില്ല കിരീടം നിലനിര്‍ത്തിയത്്. 103 പോയിന്റുകള്‍ നേടി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. വൈപ്പിന്‍ 33 പോയിന്റുകളോടെ മൂന്നാം സ്ഥാനക്കാരായി.
കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ പെരുമ്പാവൂര്‍ 21 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അങ്കമാലി 29 പോയിന്റമായി അഞ്ചാം സ്ഥാനത്തെത്തി. കോതമംഗലം 72 സ്വര്‍ണ്ണവും 62 വെള്ളിയും 52 വെങ്കലവും നേടി. എറണാകുളം ഉപജില്ല 10 വീതം സ്വര്‍ണവും വെള്ളിയും ആറു വെങ്കലവും നേടി. ഒരു സ്വര്‍ണവും നാലു വെള്ളിയും ആറു വെങ്കലവുമടങ്ങുന്നതാണ് വൈപ്പിന്‍ ഉപജില്ലയുടെ അക്കൗണ്ട്. കോതമംഗലത്തിന്റെ മേധാവിത്വത്തിനിടയിലും പെരുമ്പാവൂര്‍, ആലുവ, കല്ലൂര്‍ക്കാട് എന്നീ ഉപജില്ലകള്‍ രണ്ട് സ്വര്‍ണം നേടി.
സ്‌കൂള്‍ വിഭാഗത്തില്‍ 312 പോയിന്റോടെയാണ് നിലവിലെ ചാമ്പ്യന്‍മാരായ മാര്‍ബേസില്‍ ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 55 പോയിന്റുകളാണ് മാര്‍ബേസില്‍ കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ തവണ 250 പോയിന്റുകള്‍ നേടി മികച്ച പോരാട്ടം നടത്തിയ സെന്റ്‌ജോര്‍ജ്ജിന് ഇത്തവണ നേടാനായത് 183 പോയിന്റുകള്‍ മാത്രം. 76 പോയിന്റുള്ള മാതിരപ്പിള്ളി സര്‍ക്കാര്‍ വൊക്കേഷണല്‍ സ്‌കൂളിനാണ് മൂന്നാം സ്ഥാനം നേടി. എസ്.എച്ച് തേവര (31), പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് (19) സ്‌കൂളുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. രണ്ടു സ്വര്‍ണമടക്കം 11 പോയിന്റുകള്‍ നേടിയ എറണാകുളം ദാറുല്‍ ഉലൂം എച്ച്.എസ്.എസിനാണ് ആറാം സ്ഥാനം. 36 സ്വര്‍ണവും 37 വെള്ളിയും 21 വെങ്കലവുമാണ് മാര്‍ബേസില്‍ താരങ്ങള്‍ നേടിയത്. സെന്റ്‌ജോര്‍ജ്ജ് 20 സ്വര്‍ണവും മാതിരപ്പിള്ളി 11 സ്വര്‍ണവും നേടി.
ഏഴു സ്വര്‍ണം നേടിയ മേഴ്‌സികുട്ടന്‍ അക്കാദമി താരങ്ങളുടെ കരുത്തിലാണ് എറണാകുളം ഉപജില്ലയിലെ പെരുമാനൂര്‍ സെന്റ്‌തോമസും തേവര എസ്.എച്ച് സ്‌കൂളും പോയിന്റ് പട്ടികയില്‍ ഇടം നേടിയത്. ആദ്യ അഞ്ചു സ്ഥാനത്തുള്ള സ്‌കൂളുകളെ കൂടാതെ എട്ട് സ്‌കൂളുകളാണ് ഇത്തവണ സ്വര്‍ണ പട്ടികയില്‍ ഇടം നേടിയത്.
ദാറുല്‍ ഉലൂമിന് പുറമേ ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസും കെ.ഇ.എം.എച്ച്.എസ് ആലങ്ങാടും ഇരട്ട സ്വര്‍ണം നേടി. ഇത്തവണ 43 സ്‌കൂളുകള്‍ പോയിന്റ് പട്ടികയിലും സ്ഥാനം നേടി. 28 പെണ്‍കുട്ടികളടക്കം 71 താരങ്ങളെയാണ് മാര്‍ബേസില്‍ ഇത്തവണ ട്രാക്കിലും ഫീല്‍ഡിലും ഇറക്കിയത്. ഷിബി മാത്യുവായിരുന്നു പ്രധാന പരിശീലക.
















