കണ്ണൂര്‍: പൊതുമാര്‍ക്കറ്റില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബിഡിജെഎസ് ജില്ലാ കമ്മറ്റിയോഗം അധികൃതരോടാവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ നിയമം രാജ്യത്ത് നടപ്പിലാക്കിയപ്പോള്‍ കേരളത്തില്‍ മാത്രം സംഭവിച്ച പിഴവ് മൂലം പന്ത്രണ്ടര ലക്ഷം കുടുംബങ്ങള്‍ ലിസ്റ്റില്‍പ്പെടാതെ പുറത്തു നില്‍ക്കുകയാണ്. ഈ വിഷയത്തില്‍ സംഭവിക്കുന്ന അനിശ്ചിതത്വവും കാലതാമസവും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം. റേഷന്‍ കടകളില്‍ അരി ലഭിക്കാതായതോടെ പൊതുമാര്‍ക്കറ്റില്‍ കിലോഗ്രാമിന് പത്തു രൂപ വരെ വിലക്കയറ്റമുണ്ടായിരിക്കുകയാണ്. എന്നിട്ടും സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടാതെ മാറിനില്‍ക്കുന്നത് കേരളത്തിലെ ജനങ്ങളോട കാട്ടുന്ന വഞ്ചനയാണ്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നടപടി ശ്ലാഘനീയമാണ്. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി സാമ്പത്തിക ഭരണഘടനാ വിദഗ്ധര്‍ ആഴത്തില്‍ പഠിച്ച് നടപ്പിലാക്കിയ ഈ നയത്തെ രാഷ്‌ട്രീയ ലക്ഷ്യംവെച്ചുകൊണ്ട് എതിര്‍ക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണ്. കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ നടത്തുന്ന ഇത്തരം ജല്‍പ്പനങ്ങള്‍ സാധാരണ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നത് സ്വാഗതാര്‍ഹമാണ്. ജനങ്ങള്‍ സംയമനത്തോടും കാര്യപ്രാപ്തിയോടും കൂടി ഈ വിഷയത്തെ കണ്ടുകൊണ്ട് അല്‍പ്പം ക്ഷമാശീലം കാട്ടി രാജ്യപുരോഗതിയില്‍ ഭാഗഭാക്കാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. പ്രസിഡണ്ട് വി.പി.ദാസന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ കാരാട്ട്, വി.ആര്‍.സുനില്‍, സുരേന്ദ്രന്‍ താടി, കെ.വി.അജി, കെ.കെ.സോമന്‍ എന്നിവര്‍ സംസാരിച്ചു.
















