പാനൂര്‍: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റു കിടക്കുന്ന പുഷ്പന് അഞ്ചുലക്ഷവും പെന്‍ഷനും വീല്‍ചെയറും. നവമാധ്യമങ്ങളില്‍ പിണറായി വിജയനും സിപിഎമ്മിനും പൊങ്കാല. 1994 നവംബര്‍ 25ന് സ്വാശ്രയകോളേജ് പ്രശ്‌നത്തില്‍ സമരം സംഘടിപ്പിച്ച ഡിവൈഎഫ്‌ഐ സംഘത്തിനു നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിക്കുകയും പുഷ്പനു വെടിയേറ്റ്് സാരമായി പരിക്കേല്‍ക്കുകയുമായിരുന്നു. അതിനുശേഷം ശയ്യാവലംബിയായി മാറിയ പുഷ്പനെ പാര്‍ട്ടിയുടെ ചെലവിലാണ് നോക്കിവരുന്നത്. അതു പാര്‍ട്ടിയുടെ കടമ തന്നെ. ജനങ്ങളുടെ നികുതിപ്പണം വാങ്ങി പാര്‍ട്ടിയ്‌ക്കു വേണ്ടി സമരം ചെയ്തതിനു പരിക്കേറ്റ പുഷ്പന് സര്‍ക്കാര്‍ പണം നല്‍കുന്നതും പെന്‍ഷന്‍ നല്‍കുന്നതുമാണ് വിവാദമായിരിക്കുന്നത്. വെടിവെക്കാന്‍ ഉത്തരവിട്ട അന്നത്തെ സഹകരണമന്ത്രി എം.വി.രാഘവനെ കൊലയാളി എന്നു വിളിച്ചവര്‍ അവസാന നാളുകളില്‍ എം.വി.രാഘവനെ ആലിംഗനം ചെയ്തതുമാണ്. സ്വാശ്രയപ്രശ്‌നത്തിലും സിപിഎം ഒത്തുതീര്‍പ്പു നടത്തിയിരുന്നു. ഇവിടെയാണ് പൊതുപ്രശ്‌നത്തില്‍ ഇടപെട്ടുവെന്ന കാരണം പറഞ്ഞ് പുഷ്പനു സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്‍കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പുഷ്പനെ പ്രകീര്‍ത്തിച്ച് ഇന്നലെ പോസ്റ്റിടുകയും ചെയ്തു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് നവമാധ്യമങ്ങളില്‍ സിപിഎമ്മിന്റെ രാഷ്‌ട്രീയ നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നത്. ഇങ്ങിനെയെങ്കില്‍ സിപിഎം കൊലചെയ്തവര്‍ക്കും അംഗവിഹീനരാക്കിയവര്‍ക്കും സഹായം ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
















