കര്‍ത്തം ശങ്കര്‍
റായ്‌പൂര്‍: പത്ത് വര്‍ഷമായി മാവോയിസ്റ്റുകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു കര്‍ത്തം ശങ്കര്‍ എന്ന യുവാവ്. കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങി. തനിയ്‌ക്ക് ഇതുവരെ പണമോ മനസ്സമാധാനമോ ലഭിച്ചിട്ടില്ലെന്ന് ഇയാള്‍ പറയുന്നു.
അമ്മ പനിവന്ന് മരിച്ചു. അന്ന് തനിയ്‌ക്ക് പന്ത്രണ്ട് വയസ്.അനുജന്‍ രമേഷിന് രണ്ടും. മദ്യപാനിയായ പിതാവ് തങ്ങളെ നോക്കിയില്ല. സ്വയം ഞങ്ങള്‍ ജീവിച്ചു. ഒരു കൊല്ലം പിന്നിട്ടപ്പോഴാണ് പച്ചവസ്ത്രം ധരിച്ച കുറേ പേര്‍ ഞങ്ങളുടെ അടുത്തെത്തിയത്. അവര്‍ ഞങ്ങളെ വനത്തിനുളളിലേക്ക് കൊണ്ടുപോയി. ഭക്ഷണവും വസ്ത്രവും വാഗ്ദാനം ചെയ്തു. മുഡ്മലിലെ ബാലാശ്രമത്തിലേക്കാണ് തങ്ങളെ കൊണ്ടുപോയത്. അവിടെ അഞ്ച് വയസില്‍ താഴെയുളള മുപ്പത്തഞ്ച് കുട്ടികളുണ്ടായിരുന്നു. മനോജ് എന്ന ഒരു അധ്യാപകനും.
കുറച്ച് ദിവസം അവിടെ താമസിച്ചു. പിന്നെ രാജ്‌മേതയിലേക്ക് കൊണ്ടുപോയി. അവിടെ സമപ്രായക്കാരായ പതിനാല് കുട്ടികള്‍ ഉണ്ടായിരുന്നു. ഇവിടെ കുട്ടികള്‍ നാല് മണിയ്‌ക്ക് ഉണരുകയും ആറ് മണിവരെ ഒച്ചയുണ്ടാക്കാതെ ഇരിക്കുകയും വേണമായിരുന്നു. ആറ് മുതല്‍ എട്ടുവരെ പാടത്ത് പണിയാണ്. ചിലര്‍ നെല്ലും മറ്റ് ചിലര്‍ തക്കാളിയും കൃഷി ചെയ്യും.
അതിന് ശേഷം ക്ലാസുകള്‍ ഉണ്ടായിരുന്നു. മുളങ്കുഴലുകള്‍ താത്ക്കാലിക തോക്കുകളായി രൂപപ്പെടുത്തി ആയുധ പരിശീലനവും നല്‍കി. മുതലാളിമാര്‍ കാട് സ്വന്തമാക്കാന്‍ വരുന്നുവെന്നും അതിന് അനുവദിക്കരുതെന്നും തങ്ങളെ പഠിപ്പിച്ചു. തങ്ങള്‍ക്ക് യൂണിഫോമുകളുമുണ്ടായിരുന്നു. പോലീസുകാര്‍ വരുമ്പോള്‍ ഓടി രക്ഷപ്പെടുമായിരുന്നു.
ഒരു വര്‍ഷത്തിന് ശേഷം മാവോയിസ്റ്റ് സൈന്യത്തില്‍ ചേര്‍ന്നു. ഇവിടെ വച്ച് സമാധാനവും നഷ്ടമായി യാതൊരു നേട്ടങ്ങളും ഉണ്ടായതുമില്ലെന്ന് ഇയാള്‍ പറയുന്നു. ഇടയ്‌ക്ക് ഒരു ഏറ്റുമുട്ടലില്‍ പരിക്കുമേറ്റു. തന്റെ സഹോദരനെ ആ നരകത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരണമെന്നാണ് ഈ യുവാവിന്റെ ആഗ്രഹം. രമേഷ് ഇപ്പോഴും മാവോയിസ്റ്റുകളുടെ ക്ലാസുകളില്‍ പങ്കെടുക്കാറുണ്ട്.
















