വിജയ് രൂപാനി
ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ സഹകരണ മേഖലയിലുണ്ടാക്കിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹരിക്കാനും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി.
ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാത്തതു മൂലം കര്‍ഷകര്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു ലക്ഷ്യം.പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കര്‍ഷകര്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കി നല്‍കണമെന്നും വിവാഹങ്ങള്‍ക്ക് രണ്ടര ലക്ഷം പിന്‍വലിക്കാന്‍ ബുദ്ധമുട്ടില്ലെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു ആവശ്യം. ഇതിനു പുറമേ ഉപമുഖ്യമന്ത്രി കൂടിയായ ധനമന്ത്രി നിതിന്‍ പട്ടേല്‍ ആര്‍ബിഐ ഗവര്‍ണ്ണറുമായും കേന്ദ്രധനകാര്യ മന്ത്രാലയമായും നിരന്തരം ബന്ധപ്പെടുന്നുമുണ്ട്.
കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി കൂടിക്കാഴ്ച നിഷേധിച്ചെന്നു പറഞ്ഞ് വലിയ വിവാദമുണ്ടാക്കുമ്പോഴാണ് ഈ സംഭവം. പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ചോദിച്ചപ്പോള്‍ വിഷയം ധനമന്ത്രിയെ കണ്ട് ധരിപ്പിച്ചാല്‍ മതിയെന്ന് പറഞ്ഞു. സംഘം ധനമന്ത്രിയെ കാണാന്‍ വിസമ്മതിച്ച് വിഷയം വിവാദമാക്കുകയായിരുന്നു.
ധനമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയിട്ടും അതുപോലും തള്ളി. ഈ സാഹചര്യത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രി ധനമന്ത്രിയെ വിളിച്ച് വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം തേടിയത്. ദല്‍ഹിയില്‍ പോകുകപോലും ചെയ്യാതെ വിഷയം പരിഹരിക്കാന്‍ രൂപാനി ശ്രമിക്കുമ്പോഴാണ് പിണറായിയും സുധീരനും ചെന്നിത്തലയും ദല്‍ഹിയില്‍ ചെന്ന് വിവാദമുണ്ടാക്കിയത്.
















