കണ്ണൂര്‍: ജില്ലയിലെ പ്രധാനപ്പെട്ട രാഷ്‌ട്രീയ കൊലപാതകക്കേസുകളില്‍ എസ്എഫ്‌ഐ നേതാക്കള്‍ ആസൂത്രണം ചെയ്ത് കൊല നടത്തുന്നത് തുടര്‍ക്കഥയായി മാറിയിരിക്കുകയാണെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ ടി.വി.പ്രേംസായി പ്രസ്താവനയില്‍ പറഞ്ഞു.
ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രമിത്ത് വധക്കേസില്‍ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡണ്ടും സംസ്ഥാന കമ്മിറ്റി അംഗവുമായിട്ടുള്ള പി.എം.അഖിലിന്റെ അറസ്റ്റിലൂടെ പുറത്തു വന്നിട്ടുള്ളത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലും അരിയില്‍ ഷുക്കൂര്‍ വധക്കേസിലും എസ്എഫ്‌ഐ നേതാക്കളുടെ പങ്ക് വ്യക്തമായതാണ്. ഈ ക്രിമിനലുകള്‍ തന്നെയാണ് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും. ഇത് വിദ്യാര്‍ത്ഥി സമൂഹം ഭീതിയോടെയാണ് കാണുന്നത്.
യഥാര്‍ത്ഥത്തില്‍ എസ് എഫ് ഐ ഗുണ്ടകളുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറിയിരിക്കുകയാണെന്നും കലാലയങ്ങളില്‍ നിന്നും ഇത്തരം ഗുണ്ടാ സംഘങ്ങളെ വിദ്യാര്‍ത്ഥികള്‍ പടിയടച്ചു പിണ്ഡം വയ്‌ക്കുന്ന കാലം വിദൂരമല്ലെന്നു അദ്ദേഹം പറഞ്ഞു.
















