ന്യൂദല്‍ഹി: നാവിക സേനക്കു വേണ്ടി, 2500 കോടി രൂപ മുടക്കി 12 ഡോര്‍ണിയര്‍ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷക്കുള്ള സമിതി അനുമതി നല്‍കി.2014 ഒക്‌ടോബറിലാണ് ഇതിനുളള ശുപാര്‍ശ നല്‍കിയത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭാ സമിതി അന്തിമാനുമതി നല്‍കി.
വിമാനങ്ങള്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സിന്റെ കാണ്‍പൂരിലെ യാത്രാ വിമാനം വിഭാഗത്തിലാകും നിര്‍മ്മിക്കുക.1984നു ശേഷം ഇവിടെ 120 ഡോര്‍ണിയര്‍ വിമാനങ്ങള്‍ ഉല്പ്പാദിപ്പിച്ചിട്ടുണ്ട്.
നിരീക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഡോര്‍ണിയര്‍ 228 വിമാനങ്ങളുടെ പരിഷ്‌ക്കരിച്ച പതിപ്പാണ് നിര്‍മ്മിക്കുക. അത്യാധുനിക ഉപകരണങ്ങള്‍ ഇവയില്‍ ഘടിപ്പിച്ചിട്ടുണ്ടാകും.ഇരട്ട എന്‍ജിനുള്ള ഡോര്‍ണിയര്‍ ജര്‍മ്മന്‍ വിമാനമാണ്. 83ലാണ് ഇവ ഭാരതത്തില്‍ നിര്‍മ്മിക്കാന്‍ കരാറായത്.
















