കൊട്ടാരക്കര: ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിട്ട് ഒരു മാസം പൂര്‍ത്തിയാകുമ്പോഴും ഇടിച്ച വാഹനം കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. കഴിഞ്ഞ മാസം 23ന് രാത്രി 10നാണ് എംസി റോഡില്‍ മൈലം മുട്ടമ്പലത്തിന് സമീപം ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കള്‍ മരിച്ചത്. നീലേശ്വരം സ്വദേശി സുമിത്ത് ക്രിസ്റ്റി (20), പുലമണ്‍ സ്വദേശി അരുണ്‍ രാജ് (23) എന്നിവരാണ് മരിച്ചത്.
ബൈക്കില്‍ അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് പോയിമടങ്ങിയ ആറംഗ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇരുവരും. അപകടത്തില്‍പ്പെട്ടവരെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൂര്‍ണമായും തകര്‍ന്നു. വലിയ വാഹനം തന്നെ ഇടിച്ചതാണെന്ന് ശാസ്ത്രീയ തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചത്. റൂറല്‍ എസ്പിയുടെ ചുമതലയിലുള്ള ആന്റിതെഫ്റ്റ് സ്‌ക്വാഡ് ആണ് ആദ്യം അന്വേഷണം നടത്തിയത്. അപകടം നടന്ന സ്ഥലത്ത് വെളിച്ചം കുറവായതും ക്യാമറാദൃശ്യങ്ങള്‍ ലഭ്യമല്ലാത്തതും അന്വേഷണത്തിന് തടസമായി. എംസി റോഡിലെ മറ്റ് സിസിടിവി ക്യാമറാദൃശ്യങ്ങള്‍ ശേഖരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. അപകടം നടന്ന സമയത്ത് അതുവഴി കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു അന്വേഷണം. സംശയത്തിന്റെ പേരില്‍ എറണാകുളത്ത് വരെ പോയി സംഘം വാഹനപരിശോധന നടത്തി. നൂറോളം വാഹനങ്ങള്‍ ഇതിനിടയില്‍ പരിശോധിച്ചു. എന്നാല്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇടിച്ച വാഹനം അപകടത്തിന് ശേഷം എംസി റോഡ് വഴി കടന്നുപോകാതെ ഇടറോഡ് വഴി രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം. ഇതിനിടെ ആന്റി തെഫ്റ്റ് സ്‌ക്വാഡിനെ ഈ അന്വേഷണത്തില്‍ നിന്നും പിന്‍വലിക്കുകയുണ്ടായി. കൊട്ടാരക്കര ധനകാര്യസ്ഥാപനത്തിലും വാളകത്ത് നഴ്‌സിന്റെ വീട്ടിലും നടന്ന വന്‍ കവര്‍ച്ചകളെ തുടര്‍ന്നായിരുന്നു ഈ പിന്‍വലിക്കല്‍. ഇതും അപകടത്തിന്റെ തുടരന്വേഷണം വഴിമുട്ടിച്ചിരിക്കുകയാണ്.
















