ന്യൂദല്‍ഹി: സൗദിയിലേക്ക് മുങ്ങിയ വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക് ഐഎസ് ഭീകരന് പണം നല്‍കിയതായുള്ള കണ്ടെത്തലിനെ തുടര്‍ന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എന്‍ഐഎ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സക്കീറിന്റെയും അടുത്ത ബന്ധുക്കളുടെയും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെയും (ഐആര്‍എഫ്) അടക്കം മൂന്ന് ബാങ്കുകളിലുള്ള 25 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നാണ് എന്‍ഐഎയുടെ നിര്‍ദ്ദേശം.
12 പേരുടെ പേരിലുള്ള അക്കൗണ്ടു വിവരങ്ങള്‍ അന്വേഷണ ഏജന്‍സി ബാങ്കുകള്‍ക്ക് കൈമാറിയതായാണ് വിവരം. ഇതിന് പുറമെ നായിക്കിനോട് ബന്ധമുള്ള ആളുകളുടെ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ രാജ്യത്തെ 72 ഷെഡ്യുള്‍ഡ് കൊമേഷ്യല്‍ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഐഎസ് ബന്ധമുള്ള അബു അനസിന് സക്കീര്‍ നായിക് സ്‌കോളര്‍ഷിപ്പായി 80,000 രൂപ നല്‍കിയതായി ഇന്നലെ എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ വഴിയാണ് പണം കൈമാറിയത്.
2015 ഒക്ടോബറിലാണ് പണം നല്‍കിയത്. രാജസ്ഥാനിലെ ടോങ്ക് സ്വദേശിയാണ് അനസ്. ഹൈദരാബാദിലെ ഒരു സ്ഥാപനത്തില്‍ എന്‍ജിനീയറായിരുന്നു. രാജിവച്ച് ഐഎസില്‍ ചേരുകയായിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം 20 കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ദൃശ്യങ്ങളും പണമിടപാട് സംബന്ധിച്ച രേഖകളുമടക്കം പല തെളിവുകളും ലഭിച്ചിരുന്നു. സക്കീര്‍ നായിക്കിന്റെ സംഘടനയ്‌ക്ക് സാമ്പത്തീക സഹായം നല്‍കിയ വിവിധ സ്വകാര്യ കമ്പനികളും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.
















