പാനൂര്‍: വിഡ്ഡികളായത് ഇവര്‍? കൂത്തുപറമ്പ് രക്തസാക്ഷികളെ അപമാനിക്കുന്ന നിലപാടുകളുമായി രാഷ്‌ട്രീയ കുടിലത നടത്തുന്ന സിപിഎമ്മിനെതിരെ വ്യാപക പോസ്റ്റര്‍ പ്രതിഷേധം. 1995ല്‍ സ്വാശ്രയകോളേജ് പ്രശ്‌നത്തില്‍ കൂത്തുപറമ്പില്‍ വെടിയേറ്റു പിടഞ്ഞു വീണ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മറന്ന് അന്നു കൊലയാളി രാഘവനെന്ന് വിളിച്ച എം.വി.രാഘവനെ പൂവിട്ടു പൂജിക്കുന്ന സിപിഎം നിലപാടിനെതിരെയാണ് ജില്ലയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുളളത്. നവമാധ്യമങ്ങളിലും പ്രതിഷേധം കനക്കുന്നുണ്ട്.നാളെ നടക്കുന്ന അനുസ്മരണ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനും ഒരു വിഭാഗം തീരുമാനിച്ചിട്ടുണ്ട്. എം.വി.രാഘവന്റെ പാര്‍ട്ടിയായ സിഎംപിയിലെ ഒരു വിഭാഗത്തെ അടര്‍ത്തിയാണ് സിപിഎം ഇവരുമായി കൂട്ടുചേര്‍ന്നത്. നിരവധി ഭാഷ്യങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ പിടിച്ചു നിന്നെങ്കിലും രക്തസാക്ഷി ദിനം അടുത്തതോടെ പ്രവര്‍ത്തകര്‍ ഇടയുകയായിരുന്നു. എം.വി.രാഘവനെ കറകളഞ്ഞ കമ്യൂണിസ്‌റ്റെന്ന്് വിളിക്കാനും നേതാക്കള്‍ തയ്യാറായി. കഴിഞ്ഞ ദിവസം എം.വി.രാഘവന്റെ അനുസ്മരണ പരിപാടി കണ്ണൂരില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് നേരിട്ടു വരാതിരുന്നതായിരുന്നു പിണറായി വിജയന്‍. എംവി.രാഘവന്റെ പാര്‍ട്ടി ഉണ്ടാക്കിയ സഹകരണസ്ഥാപനങ്ങളും, സാമ്പത്തിക സ്രോതസിലും കണ്ണുനട്ടാണ് രക്തസാക്ഷികളെ മറന്ന് സിപിഎം ചുവടുമാറ്റം നടത്തിയത്.രക്തസാക്ഷിയുടെ പിതാവ് തന്റെ രോഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടതും ഏറെ വിവാദമായിരുന്നു.നാളെ നടക്കുന്ന അനുസ്മരണം രക്തസാക്ഷികളെ അപമാനിക്കുന്നതാണെന്ന് ആര്‍എംപി നേതൃത്വവും പറയുന്നു. രക്തസാക്ഷികളെ മാപ്പ് എന്ന പേരില്‍ ആര്‍എംപിയും കണ്ണൂരില്‍ പരിപാടി നടത്തുന്നുണ്ട്
















