കണ്ണൂര്‍: അഞ്ഞൂറ് രൂപാ നോട്ടുകളില്‍ ബാങ്കുകളില്‍ എത്തിയതോടെ ജില്ലയില്‍ നോട്ട് ക്ഷാമത്തിന് പരിഹാരമായി. രണ്ടുദിവസത്തിനുള്ളില്‍ ജില്ലയിലെ എടിഎമ്മുകളിലും അഞ്ഞൂറ്, ആയിരം നോട്ടുകള്‍ യഥേഷ്ടം എത്തും. ഇതോടുകൂടി ബാങ്കുകള്‍ക്ക് മുന്നിലെ കാത്തുനില്‍പ്പിന് പരിഹാരമാകും. കേരളത്തില്‍ ദിനംപ്രതി പന്ത്രണ്ടായിരം മുതല്‍ പതിനാലായിരം എടിഎമ്മുകള്‍ പുതിയ നോട്ടുകള്‍ ലഭ്യമാക്കാന്‍ പാകത്തിന് സജ്ജമാക്കിവരികയാണ്. ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ നാല്‍പത് ശതമാനത്തിലേറെ എടിഎമ്മുകളില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ഇതോടെ പരമാവധി അമ്പത് ലക്ഷം രൂപ വരെ എടിഎമ്മുകളില്‍ സമാഹരിക്കാന്‍ കഴിയും.
ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകളില്‍ രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ഇത്തരം സജ്ജീകരണം ഏര്‍പ്പെടുത്തും. പണം ലഭ്യതയുടെ കാര്യത്തില്‍ ഗ്രാമപ്രദേശങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും. ഈ മാസം മുപ്പതോടുകൂടി മുഴുവന്‍ എടിഎമ്മുകളിലും പണം ലഭിക്കും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേ സമയം നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ രാജ്യത്തെ പ്രമുഖര്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുമ്പോള്‍ കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ മോദി സര്‍ക്കാറിനെതിരെ ആരോപണങ്ങളുന്നയിച്ച് സമര പരിപാടികള്‍ നടത്തുന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വികസന പ്രക്രിയക്ക് അനിവാര്യമായ നടപടിയാണ് ഇതെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. അല്പം ക്ലേശം സഹിച്ചാലും ഇതിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍ മാത്രമാണ് എന്നിരിക്കെ ജനങ്ങളെ ഭയചകിതരാക്കി മുതലെടുക്കുകയാണ് രാഷ്‌ട്രീയക്കാര്‍.
ടാക്‌സ് വെട്ടിപ്പും, കള്ളപ്പണ ഇടപാടും നടത്തുന്ന ചില വ്യാപാരികള്‍ സര്‍ക്കാര്‍ നടപടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഹര്‍ത്താലും മറ്റു സമര പരിപാടികളും നടത്തിവരികയാണ്. ഇതും ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ഇന്നോ നാളെയോ ആയി അടിയന്തിര പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിലെയും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ബാധകമാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച നിയമം എന്നിരിക്കെ കേരളത്തിലെ ഇടത്-വലത് സഹകരണ മുന്നണി കേന്ദ്രത്തിനെതിരെ ഉറഞ്ഞു തുള്ളന്നത് കള്ളപ്പണക്കാരെ സംരക്ഷിക്കാനാണെന്ന് വ്യാപകമായ ആരോപണമുണ്ട്.
















