തലശ്ശേരി: ഓടത്തില്‍ പള്ളിപരിപാലന കമ്മറ്റിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേയീ റുബാത്ത് ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2014 ല്‍ നിയമപരമായി രൂപംകൊണ്ട കേയീസ് ആന്‍സിസ്ട്രല്‍ ഫോറത്തിനെതിരെ കേയീസ് റുബാത്ത് വിഷയത്തില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തി മാനഹാനിക്ക് ശ്രമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
കേയിമാരുടെ വകയായി സൗദി സര്‍ക്കാറില്‍ നിക്ഷിപ്തമായിട്ടുള്ള കോടിക്കണക്കിന് രൂപ ഇന്ത്യയിലെത്തിക്കാനുള്ള പരിശ്രമമാണ് കേയീറുബാത്ത് ആക്ഷന്‍ കമ്മറ്റി നടത്തിവരുന്നത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ പ്രവര്‍ത്തനമാണ് ഓടത്തില്‍ പള്ളി പരിപാലന കമ്മറ്റി ഇക്കാലമത്രയും നടത്തിയത്. ഇതിനെതിരെയാണ് കേയീ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കേയീസ് ആന്‍സിസ്ട്രല്‍ ഫോറത്തിന് രൂപം നല്‍കിയിരിക്കുന്നത്. സൗദി സര്‍ക്കാറില്‍ കെട്ടിക്കിടക്കുന്ന വന്‍തുക ഇന്ത്യയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിശ്രമം കൂടി അത്യന്താപേക്ഷിതമാണ്. ഇതിനായിട്ടുള്ള ശ്രമം ഊര്‍ജ്ജിതമായി നടന്നുകൊണ്ടിരിക്കെയാണ് പള്ളി പരിപാലന കമ്മറ്റി കള്ളപ്രചാരണവുമായി ഇറങ്ങിയിട്ടുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സി.ഒ.മുഹമ്മദ് കേയി, എ.പി.അബ്ദുള്ള, കെ.പി.നിസാര്‍, ടി.പി.മമ്മു, സിദ്ധിഖ് വലിയകത്ത്, ബി.പി.മുസ്തഫ, ടി.പി.ബഷീര്‍, സി.സി.ഒ.കുഞ്ഞിമൂസ എന്നിവര്‍ പങ്കെടുത്തു.
















