ആലപ്പുഴ: ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാതിരുന്നതിന് ബേക്കറി അടച്ചുപൂട്ടിയ പഞ്ചായത്ത് ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഫെഡറേഷന്റെ നേതൃത്വത്തില്‍ പാതിരപ്പള്ളിയിലെ കച്ചവടക്കാര്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. രാവിലെ 10ന് പാതിരപ്പള്ളിയില്‍ നിന്നും ആര്യാട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. സംസ്ഥാന സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ഹരിനാരായണനും സെക്രട്ടറി പി.ജി. പുരുഷോത്തമന്‍പിള്ളയും പത്രസമ്മേളനത്തില്‍ അറിയിച്ചു. പാതിരപ്പള്ളിയിലെ ദേവി ബേക്കറിയും ദേവി ഫുഡ് നിര്‍മ്മാണ യൂണിറ്റുമാണ് ആഗസ്റ്റ് 20ന് പഞ്ചായത്ത് പ്രസിഡന്റ് കവിത ഹരിദാസ്, വൈസ് പ്രസിഡന്റ് വിപിന്‍, സെക്രട്ടറി എസ്. വീണ, മെമ്പര്‍ അനിത ഗോപിനാഥ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാല്‍കുമാര്‍, ജെഎച്ച്‌ഐ മാരായ ശാന്തന്‍, റഫീക് എന്നിവര്‍ അനധികൃതമായി പ്രവേശിച്ച് പൂട്ടിയത്. ഇതേത്തുടര്‍ന്ന് ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മധുരപലഹാരങ്ങളും ഭക്ഷ്യസാധനങ്ങളും ഉപയോഗശൂന്യമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ക്രമക്കേട് കാട്ടിയതിന് നടപടി നേരിടുന്ന ഒരു ഉദ്യോഗസ്ഥന്‍ സ്ഥാപനത്തിന്റെ ലൈസന്‍സ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടു. ഇത് യഥാസമയം നല്‍കാത്തതിന്റെ പ്രതികാരമായാണ് കട അടച്ചുപൂട്ടി ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതെന്ന് അവര്‍ ആരോപിച്ചു. പഞ്ചായത്തിന്റെ നിയമ വിരുദ്ധ നടപടിക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
















