അതിര്‍ത്തി അശാന്തമാക്കി പാക്ക് വെടിയുണ്ടകള്‍ എട്ട് ഗ്രാമീണരുടെ ജീവനെടുത്ത അന്നായിരുന്നു ഛത്തര്‍പൂരിലേക്കുള്ള യാത്ര. ദല്‍ഹിയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയുള്ള കുഗ്രാമം. മതഭീകരതയില്‍ സര്‍വ്വതും നഷ്ടപ്പെട്ട പാക്കിസ്ഥാനി ഹിന്ദുക്കളുടെ അഭയകേന്ദ്രം. ഇവരുടെ ദുരിത ജീവിതം അടയാളപ്പെടുത്തിയ ‘ബിയോണ്ട് ദ ബൗണ്ടറീസ്’ എന്ന ഡോക്യുമെന്ററിയിലെ കരള്‍ പിളരുന്ന കാഴ്ചകള്‍ മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
ഛത്തര്‍പൂരിലേക്കുള്ള ദുരം കുറയുന്തോറും രാജ്യതലസ്ഥാനത്തിന്റെ പകിട്ടും കുറഞ്ഞുവന്നു. പാക്കിസ്ഥാന് മൊഹല്ലയെന്ന് അന്നാട്ടുകാര്‍ പേരിട്ടു നല്കിയ അഭയാര്‍ത്ഥി കോളനിയെത്തുമ്പോള്‍ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് എടുത്തെറിയപ്പെട്ട പ്രതീതി.
ഭൂകമ്പത്തില്‍ തകര്‍ന്ന പ്രദേശത്തെ അനുസ്മരിപ്പിക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍. ഇതിനിടയില്‍ വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കൂരകളില്‍ അന്തിയുറങ്ങാന്‍ അഭയം തേടിയവരില്‍ കുട്ടികളും വൃദ്ധരും. പന്നിയും പട്ടികളും കൂട്ടിന്. ഇടിഞ്ഞുവീണ ഇഷ്ടിക കൂമ്പാരങ്ങള്‍ അടുക്കി വെച്ച് നിവര്‍ന്ന് നില്‍ക്കാനാകാത്ത ഒറ്റമുറി പണിയാന്‍ ശ്രമിക്കുന്നവര്‍. കത്തിക്കാളുന്ന വെയിലില്‍ ഭാവിജീവിതത്തിലെ അനിശ്ചിതാവസ്ഥയുടെ ചൂടേറ്റുന്നവര്‍. ഒറ്റനോട്ടത്തില്‍ ദാരിദ്രം അളന്നെടുക്കാവുന്ന ജീവിതങ്ങള്‍.
നല്ല നാളെ സ്വപ്നം കാണാന്‍ അര്‍ഹതയില്ലാത്ത ജീവിതത്തെ സാക്ഷിയാക്കി അവരെല്ലാം പറഞ്ഞത് ഒന്നുമാത്രം. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും പാക്കിസ്ഥാനിലേക്ക് മടങ്ങില്ല. ഭാരതത്തിലെ മരണത്തേക്കാള്‍ ഭയമാണവര്‍ക്ക് പാക്കിസ്ഥാനിലെ ജീവിതം. മാതൃരാജ്യത്തെ എല്ലാ സമ്പത്തും വലിച്ചെറിഞ്ഞ് ഒന്നുമില്ലാത്തവരായി ഇവിടെ ജീവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുമ്പോള്‍ പാക്കിസ്ഥാനിലെ ജീവിതം എത്രത്തോളം നരകതുല്യമെന്നതിന് വേറെ തെളിവെന്തിന്!
മതം മാറുക, അല്ലെങ്കില്‍ മരിക്കുക
നാല്‍പ്പത് കുടുംബങ്ങളാണ് ഛത്തര്പൂര് പാക്കിസ്ഥാന് കോളനിയിലുള്ളത്. അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ആമീര്‍ ചന്ദ് ആണ് നേതാവ്. ആരുടെയോ ദയാവായ്പില്‍ ലഭിച്ച രണ്ട് കയര്‍ കട്ടിലുകള്‍ നിരത്തിയിട്ട ഒറ്റമുറിയില്‍ ആഡംബരമായി ആകെയുള്ളത് ഒരു ടേബിള്‍ഫാന്‍ മാത്രം. കരിനിറമണിഞ്ഞ ഭിത്തിയില്‍ ചാരി സിന്ധി കലര്‍ന്ന ഹിന്ദിയില്‍ അദ്ദേഹം പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ജീവിതാവസ്ഥകള്‍ വിവരിച്ചു.
”വിശുദ്ധ ഭൂമിയെന്നാണ് പാക്കിസ്ഥാന് എന്ന പേര്‍ഷ്യന്‍ വാക്കിനര്‍ത്ഥം. ഹിന്ദുക്കള്‍ക്ക് നരക ഭൂമിയാണത്. ഹിന്ദുക്കള്‍ക്ക് മാത്രമല്ല, ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്കും ബൗദ്ധര്‍ക്കും സിഖുകാര്‍ക്കും അവിടെ സ്ഥാനമില്ല. ഇസ്ലാമിലെ അവാന്തര വിഭാഗമായ അഹമ്മദീയരും രണ്ടാംകിട പൗരന്മാരാണ്. മുസ്ലിങ്ങളെന്ന് അവകാശപ്പെടാന്‍ അഹമ്മദീയര്‍ക്ക് വിലക്കുണ്ട്. രാജ്യം സുന്നി, ഷിയ വിഭാഗങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതെന്ന മാനസികാവസ്ഥ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. ഭരണകൂടവും സൈന്യവും മാത്രമല്ല, സമൂഹത്തിലും ആഴത്തില്‍ ഇതേ ചിന്താഗതി വേരുപടര്‍ത്തി. ഹിന്ദുവെന്ന സ്വത്വം അക്രമത്തിനും അനീതിക്കും ഇരയാകുന്നതിന് മതിയായ കാരണമാകുന്നു.
സിന്ധ് പ്രവിശ്യയിലായിരുന്നു ഞാനും കുടുംബവും. സ്വന്തമായുണ്ടായ വീടും കൃഷി സ്ഥലവും ഇട്ടെറിഞ്ഞാണ് കുടുംബത്തോടൊപ്പം ഇവിടെയെത്തിയത്. സ്വത്ത് വില്ക്കാന് ഗുണ്ടകള്‍ അനുവദിച്ചില്ല. പലായനം ചെയ്യുന്നവരുടെ സമ്പത്ത് അവര്‍ കൈക്കലാക്കും. നാല് വര്‍ഷമാകുന്നു ഈ അഭയാര്‍ത്ഥി ജീവിതത്തിന്. മക്കളുടെ ജീവിതം എന്താകുമെന്ന് അറിയില്ല. ആരെയും ഭയക്കാതെ കിടന്നുറങ്ങാം. അതുതന്നെ വലിയ കാര്യം”. ആശ്വാസവും ആത്മവിശ്വാസവും പ്രകടമായ വാക്കുകള്‍ക്കൊപ്പം ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ആമിര്‍ ദയനീയമായി പരാജയപ്പെട്ടു.
”എല്ലായിടത്തും അനീതിയാണ്. രാജ്യത്ത് ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് മുസ്ലിം കുട്ടികള്‍ പോലും വിശ്വസിക്കുന്നു. അടിമജീവിതത്തിന്റെയും അപരവത്കരണത്തിന്റെയും കയ്പ്നിറഞ്ഞതാണ് ഓരോ സെക്കന്റും. ഏത് നിമിഷവും ആക്രമിക്കപ്പെടാം.
അതിര്‍ത്തിയിലെ വെടിവെപ്പോ ക്രിക്കറ്റില്‍ പാക്കിസ്ഥാനെ ഭാരതം തോല്‍പ്പിക്കുന്നതോ ഹോളി ആഘോഷമോ…അങ്ങനെ എന്തും കാരണമാകാം. പൊതുസ്ഥലങ്ങള്‍ അന്യമാണ് ഞങ്ങള്‍ക്ക്. പണിയെടുത്താല്‍ പകുതി കൂലി. സാധനങ്ങള്‍ക്ക് ഇരട്ടിവില. എതിര്‍ക്കരുത്. എതിര്‍ത്താല്‍ മരണമാകും ശിക്ഷ. കൊന്നുകളഞ്ഞാല്‍ കേസെടുക്കാന്‍ പോലീസുമെത്തില്ല. ഹിന്ദുക്കളെ ആക്രമിച്ചതിനോ കൊന്നതിനോ ആരും പാക്കിസ്ഥാനില്‍ ശിക്ഷിക്കപ്പെടുന്നില്ല.
മതമാണ് പ്രശ്നം. വിശ്വാസങ്ങളുടെ പേരില്‍ അവഹേളിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങളുടെ ആചാരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അപ്രഖ്യാപിത വിലക്കുണ്ട്.
ഹിന്ദുക്കളുടെ ആഘോഷ ദിവസങ്ങളോടനുബന്ധിച്ച് അക്രമങ്ങള്‍ വര്‍ദ്ധിക്കും. ഹിന്ദു ആഘോഷങ്ങളുടെ സമയത്ത് അക്രമം പതിവാണ്. ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുന്നു. അക്രമം ഭയന്ന് ഹിന്ദുക്കള്‍ ക്ഷേത്രങ്ങളില്‍ പോകാറില്ല. സര്‍ക്കാര്‍ ജോലികളില്‍ ഭരണകൂടവും ഇതേ വിവേചനം അടിച്ചേല്‍പ്പിക്കുന്നു. ഹിന്ദുവാണെങ്കില്‍ സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്നതാണ് അവസ്ഥ. മതംമാറ്റുന്നതിനാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രമങ്ങള്‍. പതിനായിരങ്ങള്‍ ഭയന്ന് മതംമാറിക്കഴിഞ്ഞു. ബന്ധുക്കളും ഇവിടേക്ക്് വരാനുള്ള തയ്യാറെടുപ്പിലാണ്. ന്യൂനപക്ഷങ്ങള്‍ തുല്യതയോടെ ജീവിക്കുന്ന ഭാരതത്തിലുള്ളവര്‍ക്ക് പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ മനസിലാകുക പ്രയാസമാണ്”
ഹിന്ദു സ്ത്രീകള്‍ ലൈംഗിക അടിമകള്‍
മതപീഡനത്തിന്റെ ഭയാനകത ഏറ്റവുമധികം വേട്ടയാടുന്നത് പാക്കിസ്ഥാനിലെ ഹിന്ദു സ്ത്രീകളെയാണ്. യുഎസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം നടത്തിയ അന്വേഷണത്തില്‍ 76 ശതമാനം ന്യൂനപക്ഷ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനിരയാകുന്നതായി കണ്ടെത്തിയിരുന്നു. പെണ്മക്കളുടെ മാനം കാക്കാനാണ് വയസ്സുകാലത്ത് അമ്മമാരുടെ പലായനം. ഇവിടെ മക്കളുടെ മടിക്കുത്തഴിക്കാനെത്തുവരെ ഭയക്കേണ്ടല്ലോയെന്ന് മന്ദീപെന്ന മുത്തശ്ശി ആശ്വാസം കൊള്ളുന്നു. ആറ് പതിറ്റാണ്ടിലേറെയുള്ള പാക്കിസ്ഥാനിലെ ജീവിതം മന്ദീപിന് ഉള്‍ക്കൊള്ളാനായിട്ടില്ല. പീഡനം സ്വയമേറ്റുവാങ്ങിയും കണ്മുന്നിലെ ക്രൂരതകള്‍ക്ക് മൂകസാക്ഷിയായും അവര്‍ ജീവിച്ചു.
ഹിന്ദു സ്ത്രീകള്‍ മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതെന്നാണ് ഫത്വ. മുസ്ലിങ്ങള്‍ക്ക് വിവാഹം ചെയ്ത് നല്കാത്തവരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത് മാസങ്ങളോളം തടവിലാക്കുന്നു. പുരോഹിതരുടെ പല ഭാര്യമാരില്‍ ഒരാളായി ജീവിക്കേണ്ടി വരുന്നു. പീഡനത്തിനിരയായി അച്ഛനാരെന്നറിയാത്ത കുട്ടികളുമായി ജീവിക്കുന്ന നൂറുകണക്കിന് ഹിന്ദു സ്ത്രീകള്‍ നരകഭൂമിയിലെ അലോസരപ്പെടുത്താത്ത കാഴ്ചകളായി മാറിക്കഴിഞ്ഞു. പൊതുസ്ഥലങ്ങളില്‍ പരസ്യമായി അപമാനിക്കപ്പെടുന്നതിനാല്‍ പുറത്തിറങ്ങാതെയാണ് ഹിന്ദു സ്ത്രീകളുടെ ജീവിതം. എണ്ണിയാലൊടുങ്ങാത്ത ദുരിതം മന്ദീപ് വിവരിച്ചുകൊണ്ടിരുന്നു. മാസത്തില്‍ 25 ഹിന്ദു പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും മതംമാറ്റത്തിനും ഇരയാകുന്നതായി പാക്കിസ്ഥാന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നാല് വര്‍ഷം മുന്‍പ് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അസീനക്ക് പാക്കിസ്ഥാന് ഉപേക്ഷിക്കേണ്ടി വന്നത്. സ്വന്തം അനുഭവങ്ങളില്‍ നിന്നാണ് അസീന സംസാരിച്ച് തുടങ്ങിയത്. ”അസീനയെന്ന മുസ്ലിം ചുവയുള്ള പേര് എന്നെ പലപ്പോഴും രക്ഷിച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോഴൊക്കെ അച്ഛന് പേര് ഉച്ചത്തില്‍ വിളിക്കും. മുസ്ലിമാണെന്ന് കരുതി അക്രമികള്‍ വെറുതെവിടും”.
മിയാന്‍ മിദു എന്ന മുസ്ലിം പുരോഹിതന്റെ രൂപം ഇപ്പോഴും അസീനയെപ്പോലുള്ളവരുടെ ഉറക്കം കളയുന്നു. രാഷ്ട്രീയക്കാരന് കൂടിയായ മിയാന്‍ മിദുവാണ് സിന്ധില്‍ ഹിന്ദുക്കള്‍ക്കെതിരായ അക്രമത്തിന് നേതൃത്വം നല്‍കുന്നത്. ക്രിമിനല്‍ സംഘവും ഇയാള്‍ക്കൊപ്പമുണ്ട്. പിശാച് എന്നാണ് ഇയാളുടെ വിശേഷണം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റും. മാസങ്ങളോളം തടവിലാക്കുകയോ മറ്റുള്ളവര്‍ക്ക് വില്ക്കുകയോ ചെയ്യും. ആയിരക്കണക്കിന് ഹിന്ദു സ്ത്രീകളെ ഇതിനകം മതംമാറ്റിയതായി അസീന പറയുന്നു. ഒരാളും എതിര്‍ക്കാനില്ല. പോലീസ് പരാതി സ്വീകരിക്കില്ല. എതിര്‍ക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഇല്ലാതാക്കും. പാക്കിസ്ഥാനിലെ ജീവിതത്തേക്കാള്‍ മരണം തെരഞ്ഞെടുക്കാന്‍ അസീനയെപ്പോലുള്ളവര്ക്ക് മറ്റെന്ത് കാരണം വേണം!!!
വെറുപ്പ് കുത്തിവെക്കുന്നത് കുട്ടികളിലും
ഇരുപതോളം കുട്ടികളുണ്ട് ഛത്തര്‍പൂരില്‍. മറ്റേതൊരു കുട്ടികളെയും പോലെ കളിയും ചിരിയുമായി ആഘോഷത്തിലാണവര്‍. മറ്റൊരു ജീവിതം സാധ്യമാണെന്നറിയാത്തതിനാല് ജീവിതത്തിലെ അനിശ്ചിതാവസ്ഥ കുട്ടികളെ അലട്ടുന്നില്ല. പിന്നിടുന്ന ഓരോ ദിവസവും ഈ ആഘോഷ ലഹരി കുറക്കും. കേന്ദ്ര സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഏതാനും വിദ്യാര്‍ത്ഥികള്‍ പഠനം പുനരാംരഭിച്ചിട്ടുണ്ട്.
ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് മീന ഛത്തര്‍പൂരിലെത്തിയത്. ആദ്യനാളുകളില്‍ സ്കൂളില്‍ പോകാനായില്ല. അതോടെ പഠനം നിര്‍ത്തി. പാക്കിസ്ഥാനിലെ സ്കൂള്‍ ജീവിതം നല്ല അനുഭവങ്ങളല്ല മീനക്ക് നല്‍കിയത്. വിവേചനത്തിന്റെ മറ്റൊരിടം കൂടിയാണത്. ഭരണകൂടം ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരാക്കി മാറ്റിയെടുക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം. പാഠഭാഗങ്ങളിലൂടെ ഹിന്ദുവിരുദ്ധത കുഞ്ഞുമനസ്സുകളില്‍ കുത്തിനിറക്കുന്നു.
”ഹിന്ദുക്കള്‍ തീവ്രവാദികളും ഇസ്ലാമിന്റെ ശത്രുക്കളുമാണെന്ന് പഠിപ്പിക്കുന്നു. അനീതിയും അക്രമവുമാണ് ഹിന്ദു സംസ്കാരത്തിന്റെ അടിസ്ഥാനം. അതേസമയം ഇസ്ലാം സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും മതമാണ്”. ഇത്തരം പാഠങ്ങള്‍ കുട്ടികളില്‍ വെറുപ്പ് വളര്‍ത്തുന്നുവെന്ന് മീന പറയുന്നു. ചില അധ്യാപകര്‍ വളരെ മോശം രീതിയിലാണ് ഇതൊക്കെ പഠിപ്പിക്കുന്നത്.
മദ്രസ്സാ പഠനത്തിന് സമാനമാണ് സ്കൂള്‍ വിദ്യാഭ്യാസം. ഖുറാന് പഠിക്കണമെന്ന് നിര്‍ബന്ധമാണ്. സ്കൂളുകളില്‍ സൗജന്യമായി ലഭിക്കുന്ന കുടിവെള്ളം ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമില്ല. വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകും. ഒരുമിച്ചിരിക്കാനോ കളിക്കാനോ മറ്റ് കുട്ടികള്‍ തയ്യാറാവുന്നില്ല. വിശ്വാസത്തിന്റെ പേരില്‍ കളിയാക്കും. മീനയുടെ അനുഭവം ഇങ്ങനെ.
മതവൈരം വളര്‍ത്തുന്ന സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ നേര്‍ക്കാഴ്ച യുഎസ് കമ്മീഷന് ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം നടത്തിയ പഠനത്തില്‍ വെളിപ്പെട്ടിരുന്നു. ഇത് മതഭീകരവാദം വളര്‍ത്തുന്നതിന് കാരണമാണെന്ന് കമ്മീഷന് ചെയര്മാന് ലിയോനാര്‍ഡ് ലിയോ പറയുന്നു. തീവ്ര മതപുരോഹിതരെ പ്രീണിപ്പിക്കാനാണ് പാഠപുസ്തകങ്ങളില്‍ മതഭീകരത മറയില്ലാതെ ഉള്‍പ്പെടുത്തുന്നത്. സിയാ ഉള് ഹഖിന്റെ കാലത്താണ് പാഠപുസ്തകങ്ങള്‍ ഇസ്ലാമികവത്കരിക്കപ്പെട്ടത്. 2006 ല്‍ ഇത് പരിഷ്കരിക്കുമെന്ന് പറഞ്ഞെങ്കിലും മതമൗലികവാദികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചു.
ഹിന്ദുവെന്നാല്‍ രാജ്യദ്രോഹികള്‍
ഹിന്ദുക്കളെന്നാല്‍ പാക്കിസ്ഥാനിലെ ഭരണകൂടത്തിനും മതമൗലിക വാദികള്‍ക്കും ഭാരതീയരാണ്. ഭാരതം ശത്രുരാജ്യവും. പൗരന് ഭരണഘടന നല്കുന്ന അവകാശങ്ങള്‍ക്ക് അതിനാല്‍ ഹിന്ദുക്കള്‍ അര്‍ഹരല്ല. രാജ്യത്തിന്റെ ശത്രുക്കളാണ് ഹിന്ദുക്കളെന്ന വികാരം സമൂഹത്തില്‍ വിതക്കാന്‍ ഭരണകൂടത്തിനും മൗലികവാദികള്‍ക്കും സാധിച്ചു. സംശയത്തോടെയാണ് ന്യൂനപക്ഷങ്ങളെ വീക്ഷിക്കുന്നത്. രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്ത് കൊല്ലപ്പെട്ട പട്ടാളക്കാരനാണെങ്കിലും ഇതില്‍ വ്യത്യാസമില്ല. 2013ല്‍ വാരിസ്ഥാനില്‍ കൊല്ലപ്പെട്ട സൈനികന് ഹിന്ദുവായതിനാല്‍ ബലിദാനിയെന്ന് വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയത് വിവാദമായിരുന്നു. 2000 വരെ ഹിന്ദുക്കള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അവകാശമുണ്ടായിരുന്നില്ല.
ന്യൂനപക്ഷങ്ങളെ നിയമം വേട്ടയാടുന്നതിന്റെ ഉദാഹരണമാണ് ദൈവനിന്ദാ നിയമം. എന്താണ് ദൈവനിന്ദയെന്ന് വ്യക്തമായി നിര്‍വ്വചിക്കാത്ത നിയമം ന്യൂനപക്ഷങ്ങളെ ആരോപണങ്ങളുടെ പേരില്‍ ജയിലിലടയ്ക്കുന്നു. ജീവപര്യന്തവും കൊലക്കയറുമാണ് ശിക്ഷ. ഖുറാന് കീറിയെറിഞ്ഞെന്ന ആരോപണം മതി കേസെടുക്കാന്‍. കേസിലകപ്പെട്ട അമ്പതോളം പേര് വിചാരണക്കിടെ കൊല്ലപ്പെട്ടു.
വര്‍ഷത്തില്‍ അയ്യായിരത്തിലേറെ ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളായി എത്തുന്നതായാണ് ഏകദേശ കണക്ക്. വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്നു ഈ അഭയാര്‍ത്ഥി പ്രവാഹം. ദല്‍ഹിയും രാജസ്ഥാനുമുള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യം നിഷേധിക്കപ്പെട്ടാണ് ഇവരുടെ ജീവിതം. ഭാരത പൗരത്വമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് കാത്തിരിപ്പ് നീളും.
മടങ്ങുമ്പോള്‍, പാക്കിസ്ഥാനെതിരായ മിന്നലാക്രമണം സംബന്ധിച്ച ചോദ്യത്തിനുള്ള ആമിര്‍ ചന്ദിന്റെ മറുപടി മനസ്സില്‍ തട്ടി. ”ക്രിക്കറ്റില്‍, ഭാരതത്തോട് പാക്കിസ്ഥാന് തോറ്റാല്‍ ഉറക്കമില്ലാത്ത രാത്രികളായിരിക്കും ഞങ്ങള്‍ക്ക്. വിരാട് കോഹ്ലി കളി തോല്‍പ്പിച്ചതിലെ അരിശം കോഹ്ലി സമദായത്തിലുള്ളവരെ ദിവസങ്ങളോളം പീഡിപ്പിച്ചാണ് തീര്‍ത്തത്. പാക്കിസ്ഥാന് പരാജയപ്പെട്ട രാജ്യമാണ്. കൂടുതല്‍ തോല്‍വികള്‍ ഞങ്ങളെ സന്തോഷിപ്പിക്കുകയേ ഉള്ളു. ഇതാണ് ഞങ്ങളുടെ രാജ്യം. ഞങ്ങള്‍ പാക്കിസ്ഥാനികളല്ല, ഹിന്ദുസ്ഥാനികളാണ്”.
പ്രതികരിക്കാൻ ഇവിടെ എഴുതുക: