കണ്ണൂര്‍: നിര്‍മ്മാണം പൂര്‍ത്തിയായിട്ടും കുടിവെളള പദ്ധതിയുടെ ഗുണഭോക്തൃ സമിതിക്ക് പണം മുഴുവനായും നല്‍കിയില്ലെന്ന് പരാതി. ഇരിട്ടി പെരുമ്പറമ്പ് ചടച്ചിക്കുണ്ടം ശുദ്ധജല പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തു നടത്തിയ നാട്ടുകാരുള്‍പ്പെട്ട ഗുണഭോക്തൃ സമിതിയാണ് പരാതിയുമായി പത്രസമ്മേളനം നടത്തി രംഗത്തെത്തിയത്. പടിയൂര്‍ പഞ്ചായത്തിലെ 8ാം വാര്‍ഡായ ചടിച്ചിക്കുണ്ടം പട്ടികവര്‍ഗ്ഗ കോളനിയില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ നിര്‍മ്മിച്ച കുടിവെളള പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുകയാണ് ഇതുവരെ ലഭിക്കാത്തത്. 2015 ഡിസംബര്‍ മാസം പൂര്‍ത്തിയാക്കിയ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ തുകയാണ് ലഭിക്കാത്തത്. പണി പൂര്‍ത്തിയാകുന്ന മുറക്ക് നിര്‍മ്മാണത്തുകയുടെ 80 ശതമാനവും നല്‍കുമെന്നായിരുന്നു ജില്ലാ പഞ്ചായത്തും നിര്‍വ്വഹണ ഏജന്‍സിയായ എസ്ഇയുഎഫ് പറഞ്ഞിരുന്നത്. എന്നാല്‍ 18,76,232 രൂപയില്‍ 8 ലക്ഷത്തില്‍ താഴെ രൂപമാത്രമാണ് ഗുണഭോക്തൃ സമിതിയ്‌ക്ക് ലഭിച്ചിട്ടുളളൂ. വിവരവാകശനിയമപ്രകാരം ജില്ലാപഞ്ചായത്തില്‍ ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ചപ്പോള്‍ 2016 ആഗസ്ത് 30ന് തന്നെ ജില്ലാ പഞ്ചായത്ത് ഫൈനല്‍ ബില്‍തുകയായ 18,76,232 രൂപ എസ്ഇയുഎഫിന് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായി.
എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തിയ ഗുണഭോക്തൃസമിതിക്ക് ഇനിയും ബാക്കി തുക ലഭ്യമായില്ല. പദ്ധതിയുടെ നിര്‍വ്വാഹണ ഏജന്‍സിയായ ചൊവ്വ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്ഇയുഎഫിന്റെ നിയന്ത്രണത്തില്‍ കോളനിയിലെ കുടിവെള്ളപദ്ധതിയുടെ ഗുണഭോക്താക്കളായ ഒമ്പതംഗങ്ങളടങ്ങിയ ഗുണഭോക്തൃസമിതിയാണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് നടത്തിയത്. പദ്ധതിയുടെ ഒന്നാംഘട്ടം 2014 ല്‍ പൂര്‍ത്തിയായിരുന്നു. അതിന്റെ തുക സമിതിക്ക് കൃത്യമായി ലഭിച്ചിരുന്നു. ഗുണഭോക്തൃസമിതിക്ക് ഇതുവരെ ലഭിച്ച എട്ട് ലക്ഷം രൂപയും നാട്ടുകാരില്‍ നിന്നും സ്വരൂപിച്ചതുമുള്‍പ്പെടെ ചേര്‍ത്താണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം എസ്ഇയുഎഫ് അധികാരികള്‍ കൈവശം വെച്ചിരിക്കുകയാണെന്നും ഇത് ലഭിക്കുന്നതിനായി 29ന് സമിതിയുടെ നേതൃത്വത്തില്‍ ചൊവ്വയിലുള്ള ഓഫീസ് ഉപരോധിക്കുവാനും മറ്റ് നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചതായി സമിതി ഭാരവാഹികള്‍ അറിയിച്ചു. എണ്‍പതോളം കുടുംബങ്ങള്‍ക്ക് ഉപയോഗപ്പെടുന്നതാണ് ചടച്ചിക്കുണ്ടം പട്ടികവര്‍ഗകോളനിയിലെ കുടിവെള്ളപദ്ധതി. വാര്‍ത്താസമ്മേളനത്തില്‍ കെ.ശശീന്ദ്രന്‍, സി.ബാലകൃഷ്ണന്‍, സി.ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
















