പനാജി (ഗോവ): കേരളം തഴഞ്ഞാലും അര്‍ഹിക്കുന്നതിന് എപ്പോഴും അംഗീകാരം കിട്ടുമെന്ന വിശ്വാസമാണ് ജി. പ്രഭയ്ക്കുള്ളത്. ഗോവയില്‍ നിന്ന് ഫോണിലൂടെ വിവരം പറയുമ്പോള്‍ ആ വിശ്വാസത്തിന്റെ ദാര്‍ഢ്യം വ്യക്തമാകുന്നു. ഇഷ്ടി എന്ന സംസ്കൃത സിനിമയുടെ സംവിധായകനായ അദ്ദേഹം തന്റെ സാമൂഹിക പ്രതിബദ്ധതയുടെ കൈയ്യൊപ്പ് എന്ന നിലയിലാണ് സിനിമയെ കാണുന്നത്. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്ന് ഇഷ്ടി എന്തുകൊണ്ട് തഴയപ്പെട്ടു എന്ന ചോദ്യത്തിന് മധുരമുള്ള മറുപടിയാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ അതിന് ലഭിച്ച വന്‍ സ്വീകാര്യതയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇഷ്ടിയുടെ പ്രദര്‍ശനശേഷം കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോള്‍ മലയാളിയായ സംവിധായകന്റെ ഉള്ളും നിറഞ്ഞു, മനസു കുളിര്‍ത്തു, എക്കാലത്തെയും പ്രസക്തമായ ഒരു സന്ദേശത്തിലേക്ക് സംസ്കൃതത്തിന്റെ ദീപശിഖയുമായി ഇറങ്ങുമ്പോള്‍ അല്പം അധൈര്യം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തികഞ്ഞ ആത്മവിശ്വാസം.
ഇഷ്ടി ഒരാത്മാന്വേഷണമാണ്. അനാചാരങ്ങളും അതിന്റെ ഉപോല്‍പ്പന്നങ്ങളും അരങ്ങുവാണിരുന്ന ഒരു കാലഘട്ടത്തില്‍ നമ്പൂരി സമുദായത്തില്‍ നിലനിന്നിരുന്ന സംഭവഗതിയിലേക്കാണ് ഇഷ്ടി പ്രേക്ഷകരെ നയിക്കുന്നത്. ഇളം പ്രായമുള്ള വധുക്കളെ വൃദ്ധന്മാര് വിവാഹം ചെയ്യുകയും തുടര്‍ന്നുണ്ടാവുന്ന വിക്ഷുബ്ധതയും വല്ലാത്തൊരു മാനസികാവസ്ഥയാണുണ്ടാക്കുക. അകാലവൈധവ്യത്തിന്റെ നെരിപ്പാടില്‍ ജീവിതം ഹോമിച്ചു തീര്‍ക്കുന്ന സ്ത്രീകളുടെ മനസിലേക്ക് ആരും നോക്കുന്നില്ല. അനാചാരത്തിന്റെ മുള്ളുവടികൊണ്ടുള്ള അടിയേറ്റ് ചോര വാര്‍ന്ന് ഇരുട്ടറയില്‍ ഒടുങ്ങാനാണ് അവര്‍ക്ക് വിധി.
അത്തരമൊരു കാലഘട്ടത്തില്‍ 71 കാരനായ സോമയാജിപ്പാടിന്റെ വധുവായി 17കാരിയായ ശ്രീദേവിയെത്തുന്നതും അവര്‍ അക്ഷരാഗ്നിജ്വലിപ്പിച്ച് ഏവരുടെയും കണ്ണുതുറപ്പിക്കുന്നതും തുടര്‍ സംഭവങ്ങളുമാണ് ജി. പ്രഭയെന്ന ചെന്നൈ ലൊയോള കോളജില്‍ സംസ്കൃതം പ്രൊഫസറായിരുന്ന മലയാളിയായ സംവിധായകന് ദൃശ്യവല്‍ക്കരിക്കുന്നത്. ഉല്പതിഷ്ണുവായ ശ്രീദേവി, സോമയാജിപ്പാടിന്റെ മൂത്തഭാര്യയിലെ മക്കള്‍ക്കാണ് അക്ഷരാഗ്നി പകര്‍ന്നു കൊടുക്കുന്നത്. അത് അവിഹിത ബന്ധത്തിന്റെ പാപത്തില്‍ പെടുത്തി അവളെ വേട്ടയാടുന്നതും കാവ്യാത്മകമായി ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്. സോമയാജിപ്പാടായി നെടുമുടി വേണു ശരിക്കും ജീവിക്കുകയാണ് ചിത്രത്തില്‍. അത്ര തന്മയത്വത്തോടെയാണ് അദ്ദേഹം അഭിനയിച്ചിരിക്കുന്നത്. ഗോവയിലെ പ്രദര്‍ശനശേഷം കിട്ടിയ വന്‍ സ്വീകാര്യത തന്നെ അതിന് തെളിവ്. മത്സരവിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് ചിത്രങ്ങളില്‍ ഒന്ന് ഇഷ്ടിയാണ് എന്ന പ്രത്യേകതയും ഉണ്ട്.
നമ്പൂതിരി സമുദായത്തിലെ അക്കാലത്തെ അനാചാരം ഏറിയും കുറഞ്ഞും ഇന്നും ഇന്ത്യയിലെ പല സമുദായങ്ങളിലും നിലനില്‍ക്കുന്നുണ്ടെന്ന പക്ഷക്കാരനാണ് ജി.പ്രഭ.
നേരത്തെ ചില സംസ്കൃത സിനിമകള്‍ ഇറങ്ങിയിരുന്നെങ്കിലും സാമൂഹിക വിഷയം കൈകാര്യംചെയ്തവയായിരുന്നില്ല അവയൊന്നും. പലതുകൊണ്ടും ശ്രദ്ധേയമാണ് ഇഷ്ടി. അക്കിത്തം ആദ്യമായി പാട്ടെഴുതിയത് ഈ ചിത്രത്തിനാണ്. എല്‍ദൊ എന്ന യുവക്യാമറാമാന് ദൃശ്യങ്ങളിലൂടെ കവിത രചിച്ചിരിക്കുന്നു. ബി. ലെനിനാണ് ചിത്രസംയോജനം. നല്ല നടനുള്ള അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ മത്സരിക്കുന്ന നെടുമുടി വേണുവിന് ഇഷ്ടിയിലെ അഭിനയംവഴി അത് ലഭ്യമാകാനുള്ള എല്ലാ സാധ്യതയും സംവിധായകന് കാണുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: