ന്യൂദല്‍ഹി: പാക്ക് സൈന്യത്തിന്റെ ക്രൂരത വീണ്ടും. അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തിയ പാക്കിസ്ഥാന്‍ സൈന്യം മൂന്ന് ഇന്ത്യന്‍ സൈനികരെ വധിച്ചു. ഇതില്‍ ഒരു സൈനികന്റെ തലവെട്ടി മൃതദേഹം വികൃതമാക്കി. നിയന്ത്രണ രേഖയില്‍ മാച്ചില്‍ സെക്ടറിലാണ് സംഭവം. മൂന്ന് മാസം മുന്‍പും സൈനികന്റെ മൃതദേഹം പാക്കിസ്ഥാന്‍ വികൃതമാക്കിയിരുന്നു. നടപടി ഭീരുത്വമെന്ന് വിശേഷിച്ച ഇന്ത്യന്‍ സൈന്യം പ്രതികാരം കനത്തതാകുമെന്നും വ്യക്തമാക്കി.
പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം ആണ് സംഭവത്തിന് പിന്നില്‍. നിയന്ത്രണ രേഖ കടന്ന ഇവര്‍ കൃത്യം നടത്തി രക്ഷപ്പെട്ടു. പാക്കിസ്ഥാനുമായി ഏറെ അടുത്താണ് മാച്ചില്‍ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍. ദുര്‍ഘടമായ ഭൂപ്രകൃതിയും വനപ്രദേശവും നുഴഞ്ഞുകയറ്റത്തിന് സഹായമാകുന്നുണ്ട്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കെറ സൈന്യം സ്ഥിതിഗതികള്‍ ധരിപ്പിച്ചു.
കഴിഞ്ഞ മാസം പാക്ക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ സൈനികനായ മന്‍ദീപ് സിങ്ങിന്റെ മൃതദേഹം വികൃതമാക്കിയിരുന്നു. ഭീകരര്‍ക്ക് പാക്ക് അധീന കശ്മീരിലേക്ക് രക്ഷപ്പെടാന്‍ പാക്ക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിക്കുകയും ചെയ്തു. സപ്തംബര്‍ 29ലെ മിന്നലാക്രമണത്തിന് ശേഷം 280 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചിട്ടുണ്ട്.
















