ന്യൂദല്‍ഹി: കറന്റ് അക്കൗണ്ടിന് പുറമേ ഓവര്‍ ഡ്രാഫ്റ്റ്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകാര്‍ക്കും ആഴ്ചയില്‍ 50,000 രൂപ വരെ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. കഴിഞ്ഞ മൂന്നു മാസമായി സക്രിയമായ അക്കൗണ്ടുകള്‍ക്കാണ് അനുമതി നല്‍കിയത്. 2,000 രൂപാ നോട്ടുകളായി വേണം പണം പിന്‍വലിക്കേണ്ടത്. അസാധുവാക്കിയ 500 രൂപ നോട്ട് ഉപയോഗിച്ച് റാബി സീസണിലേക്കാവശ്യമായ വിത്തുകള്‍ വാങ്ങാന്‍ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി.
കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്ന് റാബി വിള സീസണില്‍ കര്‍ഷകര്‍ക്കുണ്ടാവാനിടയുള്ള അസൗകര്യം പരിഗണിച്ച് വിത്തുകള്‍ വാങ്ങാന്‍ പഴയ 500 രൂപാ നോട്ടുകളുപയോഗിക്കാന്‍ നടപടിയെടുത്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള യൂണിറ്റുകള്‍, സെന്ററുകള്‍, ഔട്ട്‌ലെറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ദേശീയ-സംസ്ഥാന സീഡ്‌സ് കോര്‍പ്പറേഷനുകള്‍, കേന്ദ്ര-സംസ്ഥാന കാര്‍ഷിക സര്‍വകലാശാലകള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ചറല്‍ റിസര്‍ച്ച് എന്നിവിടങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കി പഴയ 500 രൂപ നോട്ടുകള്‍ നല്‍കി വിത്തുകള്‍ വാങ്ങാം.
കെവൈസി സാധുതയുള്ള അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ 25,000 രൂപ വരെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നേരത്തെ കര്‍ഷകരെ അനുവദിച്ചിരുന്നു. അനുവദിച്ച വായ്‌പാ തുകയില്‍നിന്ന് വായ്‌പാ വ്യവസ്ഥകള്‍ക്ക് ബാധകമായി തുക പിന്‍വലിക്കാമെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വായ്‌പ അടവുകള്‍ക്ക് രണ്ടു മാസം അവധി
ന്യൂദല്‍ഹി: ഭവന വായ്‌പ, കാര്‍, കൃഷി വായ്‌പകള്‍, മറ്റു വായ്‌പകള്‍ എന്നിവയ്‌ക്ക് 60 ദിവസം കൂടി അനുവദിച്ച് റിസര്‍വ് ബാങ്ക് തീരുമാനം. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ ലോണ്‍ അടവുകള്‍ക്കാണ് ഇളവ്. ഒരു കോടി രൂപയുടെ വരെ വായ്‌പകള്‍ ഇതിനു പരിധിയില്‍. മേല്‍പ്പറഞ്ഞ കാലയളവിലെ വായ്‌പാ അടവുകള്‍ മുടങ്ങുന്നതിന് പലിശ നല്‍കേണ്ടതില്ല. കേന്ദ്ര സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും തീരുമാനത്തിന് വലിയ തോതില്‍ അനുകൂല അഭിപ്രായങ്ങളാണ് ലഭിച്ചത്.
















