പത്തനംതിട്ട : നഗരത്തില്‍ ജനങ്ങളെ വിറപ്പിച്ച് അമിതവേഗതയില്‍ വിദ്യാര്‍ത്ഥികളുടെ ബൈക്ക് യാത്ര.
ശബരിമല തീര്‍ത്ഥാടനം ആരംഭിച്ചതോടെ വാഹനത്തിരക്ക് രൂക്ഷമായ നഗരത്തില്‍ ഇതെല്ലാം അവഗണിച്ചാണ്കൗമാരക്കാര് ഇരുചക്രവാഹനങ്ങളില്‍ ചീറിപ്പായുന്നത്. നഗരത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് ഇരുചക്രവാഹനങ്ങളില്‍ നിയമങ്ങള്‍ അവഗണിച്ച് സഞ്ചരിക്കുന്നത്. ലൈസന്‍സോ, ഹെല്‍മറ്റോ ഇല്ലാതെ ഓവര്‍ സ്പീഡിലാണ് ഇവരുടെ സഞ്ചാരം. മൂന്നും, അതിലധികവും ആളുകളാണ് ചിലപ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുന്നത്. റോഡു നിയമങ്ങളെക്കുറിച്ച ് ബോധവാന്മാരല്ലാത്ത ഇത്തരക്കാരായ വിദ്യാര്‍ത്ഥികള്‍ മറ്റു വാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഭീഷണിയാണ്. ഇവരില്‍ പലരും ലഹരിയ്ക്ക് അടിമയാണെന്നും പറയപ്പെടുന്നു.
ലൈസന്‍സ് എടുക്കാനുള്ള കുറഞ്ഞപ്രായം 16 വയസ്സാണ്. ഇവരില്‍ പലരും ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നവരാണ്, വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക് വാഹനവുമായി എത്താതിരിക്കാന്‍ കര്‍ശന നിയമങ്ങളും നിയന്ത്രണങ്ങളും പല സ്കൂളുകളും നടപ്പിലാക്കിയിട്ടുണ്ട്. എന്നാല്‍ ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് ചില വിദ്യാര്‍ത്ഥികള്‍ എത്തുന്നത്. സ്കൂളിന് സമീപമുള്ള വീടുകളിലും പരിസരത്തുമാണ് വാഹനങ്ങള്‍ പലരും സൂക്ഷിക്കുന്നത്. ക്ലാസ്സുകള്‍ കട്ട് ചെയ്ത് വാഹനങ്ങളില്‍ കറങ്ങി നടക്കാനാണ് കൗമാരക്കാറിലേറെയും ഇഷ്ടപ്പെടുന്നത് ്. ന്യൂജന്‍ തരംഗത്തില്‍ സഞ്ചരിക്കുന്ന ഇവരില്‍ ചില വിരുതന്മാര് തങ്ങളുടെ പ്രൗഢി മറ്റുള്ളവരെ കാണിക്കുന്നതിനായി രക്ഷകര്‍ത്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വാടകയ്ക്കെടുത്ത വാഹനങ്ങളില്‍ എത്താറുമുണ്ട്.
ഇതിനായുള്ള പണം കുട്ടികള്‍ക്ക് എങ്ങനെ ലഭ്യമാകുന്നു എന്നതും ദൂരൂഹമാണ്. ബൈക്കുകള്‍ ഓടിക്കാന്‍ അമിത ആവേശം കാണിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളെ ലഹരികടത്ത് മാഫിയകള്‍ ദുരുപയോഗം ചെയ്യുന്നതായും ഇവര്‍ പിന്നീട് ലഹരിക്ക് അടിമപ്പെട്ടുപോകുന്നതായും എക്സൈസ് വകുപ്പ് സൂചന നല്കുന്നു.
ശ്രദ്ധനേടാനായി ബൈക്കുകളിലെ സൈലന്‍സറുകള്‍ ഊരിമാറ്റി വലിയ ശബ്ദമുണ്ടാക്കി നിരത്തുകളില്‍ ശബ്ദമലിനീകരണം സൃഷ്ടിച്ച് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരും കുറവല്ല. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളെ കാണുവാന്‍ ഇരുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിയര്‍വ്യൂ മിററുകള്‍ പലതിലും ഇല്ല. ഇവ നീക്കം ചെയ്യുന്നതാണ് പുത്തന്‍ സ്റ്റൈലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
ചില വിദ്യാര്‍ത്ഥികളാകട്ടെ സ്കൂള്‍ പരിസരങ്ങളില്‍ ബൈക്ക് സ്റ്റണ്ട് നടത്തി അപകടങ്ങള്‍ ക്ഷണിച്ചു വരുത്താറുമുണ്ട്. വിദ്യാര്‍ത്ഥികളുടെ ഇത്തരം പ്രവര്‍ത്തികള്‍ അദ്ധ്യാപകര്‍ നിരന്തരം ചോദ്യം ചെയ്ത് ഇവരും വലഞ്ഞിരിക്കുകയാണ്. സ്കൂളുകളിലേക്കെത്താനുള്ള പ്രധാന റോഡുകളേക്കാറേളെ ഇടവഴികളാണ് ബൈക്കുകളില്‍ പായാന്‍ കുട്ടികള്‍ കൂടുതലായി തെരഞ്ഞെടുക്കുന്നത്.
പ്രധാന പാതകളില്‍ പോലീസ് പരിശോധയുണ്ടാകുമെന്ന് ഭയന്നാണ് ഇവര്‍ ഇടവഴികളിലേക്ക് കടക്കുന്നത്. പോലീസിന്റെ നടപടികള്‍ക്ക് പുറമേ സ്കൂള്‍ അധികൃതരും രക്ഷകര്‍ത്താക്കളും ചേര്‍ന്നുള്ള സംയുക്ത നീക്കത്തിലൂടെ മാത്രമേ കുട്ടികളുടെ അപകടകരമായ പ്രവണതയ്ക്ക് തടയിടാന്‍ കഴിയുകയുള്ളൂ എന്ന് പോലീസും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: