സ്വന്തം ലേഖകന്‍
കോഴിക്കോട്: 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ചില്ലറ ക്ഷാമം രൂക്ഷമായെന്നും ആളുകള്‍ കടകമ്പോളങ്ങളിലെത്തുന്നില്ലെന്നും ചില സംഘടനകളുടെയും മാധ്യമങ്ങളുടെയും പ്രചാരണം പൊളിയുന്നു. ഇന്നലെ കോഴിക്കോട് നഗരത്തിലെ വിപണികളിലെല്ലാം വന്‍ ജനതിരക്കാണ് അനുഭവപ്പെട്ടത്. ജനത്തിന്റെ കൈകളിലേക്ക് കൂടുതല്‍ പണം എത്തിത്തുടങ്ങിയതോടെയാണ് വിപണി ഉണര്‍ന്നത്. നഗരത്തിലെ പ്രധാന കമ്പോളങ്ങളായ മിഠായിത്തെരുവ്, പാളയം എന്നിവിടങ്ങളിലെല്ലാം സാധാരണ കാണുന്നതിനേക്കാള്‍ കൂടുതര്‍ തിരക്കാണ് ഇന്നലെ ഉണ്ടായത്. സിനിമാ തിയേറ്ററുകളിലും ബസ്സ്റ്റാന്റ്, റെയില്‍വെസ്റ്റേഷന്‍ എന്നിവിടങ്ങളിലും കൂടുതല്‍ തിരക്കനുഭവപ്പെട്ടു. കഴിഞ്ഞ കുറെ ദിവസങ്ങളായി കേന്ദ്രസര്‍ക്കാറും ആര്‍ബിഐയും ബാങ്ക് ജീവനക്കാരും പ്രയാസം കുറയ്‌ക്കുന്നതിനും ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇന്നലത്തെ തിരക്ക്. കഴിഞ്ഞ വാരം വിപണികളില്‍ വേണ്ടത്ര ആളുകള്‍ എത്തിയിരുന്നില്ല. ചില വ്യാപാരി സംഘടനകള്‍ കടയടപ്പ് സമരം നടത്താന്‍ വരെ ഒരുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില്ലറ ലഭിക്കാനോ തിരിച്ചുകൊടുക്കാനോ യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. നഗരത്തിലെ മിക്ക എടിഎമ്മുകള്‍ക്കും മുന്നിലും പത്തു മിനിട്ട് കാത്തുനിന്നാല്‍ ചില്ലറ ലഭിക്കുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. നോട്ട് നിരോധനം ചെറുകിട കച്ചവടക്കാരെ യാതൊരുവിധത്തിലും ബാധിച്ചിട്ടില്ല എന്നാണ് മിഠായിത്തെരുവിലെ തിരക്ക് വ്യക്തമാക്കുന്നത്. അതേസമയം സൈ്വപ്പിംഗ് മെഷീന്‍ പോലുള്ള അത്യാധുനിക സംവിധാനമുള്ളതിനാലും, ചില സ്ഥാപനങ്ങള്‍ ചെക്ക് വരെ ആളുകളില്‍ നിന്ന് സ്വീകരിക്കുതിനാലും വന്‍കിട കച്ചവടക്കാരുടെ വിപണനത്തിനും പ്രശ്‌നമില്ല. എന്നാല്‍ ജനങ്ങളില്‍ ആശങ്ക പടര്‍ത്തി സംഘര്‍ഷം സൃഷ്ടിക്കാനും രാഷ്‌ട്രീയ ലാഭം കൊയ്യാനും രാജ്യത്തിന്റെ വളര്‍ച്ചക്ക് തടയാനുമാണ് ചില സംഘടനകളും മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാധ്യമ കുപ്രചാരണത്തിനെതിരെ സാധാരണ ജനതക്കിടയില്‍ പ്രതിഷേധമുയരുന്നുണ്ട്.
500ന്റെ നോട്ട് വിതരണത്തിനായി ഉടന്‍ ബാങ്കുകളില്‍ എത്തുന്നതോടെ വിപണികളിലെ ജനതിരക്ക് ഇതിലും ഏറെ വര്‍ദ്ധിക്കുമെന്നുറപ്പാണ്.
















