പന്തളം: ഭേദഭാവങ്ങള്‍ മറന്ന് എല്ലാമെല്ലാം ഒന്നാണെന്ന ഉദാത്തമായ അനുഭവം നല്കുന്ന ശബരിമലയിലാണ് ശരിയായ ദേശീയോദ്ഗ്രഥനം നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ശബരിമല അയ്യപ്പ സേവാസമാജം അടൂര്‍ താലൂക്ക് സമിതി തീര്‍ത്ഥാടകര്‍ക്കായി പന്തളത്തൊരുക്കിയ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകാത്മകതയും കൂട്ടായ്മയുമുള്ള മണ്ഡലവ്രതത്തിന്റെ പ്രത്യേകത മറ്റെവിടെയുമില്ല. ഒരുമിച്ച് ഉണ്ണുകയും ഉറങ്ങുകയും കാര്യങ്ങള്‍ ചെയ്യുകയും മലയാത്ര നടത്തുകയും ചെയ്യുന്ന സഹവര്‍ത്തിത്വത്തിന്റെ കൂട്ടായ്മ. ശബരിമല മാത്രമാണ് വ്രതപ്രധാനം. 41 ദിവസത്തെ വ്രതാനുഷ്ഠാനം ഒരു നല്ല ജീവിതം നയിക്കാനുള്ള പരിശീലമാണ്. ജാതിമത വ്യത്യാസമില്ലാതെ ആത്മാര്‍ത്ഥമായി ശരണം വിളിച്ചാണ് എല്ലാവരും ശബരിമലയ്ക്കു പോകുന്നത്. ഇവിടെ വ്യക്തി അഹന്തയോ ശരീരാഭിമാനമോ ഇല്ല. അയ്യപ്പനാണു ഞാന്‍ എന്ന ചിന്ത മാത്രം. സ്വാമിയേ ശരണമയ്യപ്പ എന്ന മന്ത്രത്തില്‍ എല്ലാമടങ്ങിയിട്ടുണ്ട്.
അങ്ങനെയുള്ളവര്‍ക്കു നല്കുന്ന ആഹാരം ഭഗവാനുള്ള നിവേദ്യമാണ്. ഈശ്വര പൂജയായ അന്നദാനം ശബരിമലയില്‍ അഭിഷേകം നടത്തുന്നതുപോലെ പ്രധാനവും ഉല്കൃഷ്ടവുമാണ്. ശബരിമലയില്‍ അയ്യപ്പന്മാര് കിടക്കാനിടമില്ലാതെയും ആഹാരമില്ലാതെയും ഏറെ കഷ്ടപ്പെടുകയാണ്. മറ്റുള്ളവരില്‍ നിന്നും എടുക്കാനല്ല കൊടുക്കാനുള്ള മനസ്സാണു വേണ്ടത്. ഓരോ അയ്യപ്പന്റെയും വിശപ്പ് തന്റെ വിശപ്പാണെന്നു ചിന്തിക്കുന്ന ദേവസ്വം പ്രസിഡന്റും, ഓരോ അയ്യപ്പന്റെ കണ്ണീരും തന്റെ കണ്ണീരാണെന്നു വിശ്വസിക്കുന്ന ദേവസ്വം മന്ത്രിയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജയപ്രസാദ് പല്ലവിയില്‍ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങിക്കൊണ്ട് പന്തളം നഗരസഭാദ്ധ്യക്ഷ റ്റി.കെ. സതി നിധിസമാഹരണം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിനു മുന്നോടിയായി തിരുവാഭരണ പേടക വാഹക സംഘം സ്വാമി മരുതവന ശിവന്‍പിള്ള ശരണഘോഷം മുഴക്കി.
അയ്യപ്പ സേവാസമാജം അടൂര്‍ താലൂക്ക് സമിതി പ്രസിഡന്റ് പി.ജി. വേണുഗോപാല്‍ അദ്ധ്യക്ഷനായിരുന്നു. പന്തളം കൊട്ടാരം നിര്‍വ്വാഹകസംഘം പ്രസിഡന്റും രാജ പ്രതിനിധിയുമായ പി.ജി. ശശികുമാര്‍ വര്‍മ്മ, അയ്യപ്പ സേവാസമാജം സംസ്ഥാന സംഘടനാ കാര്യദര്‍ശി വിശ്വം പാപ്പ എന്നിവര്‍ അുഗ്രഹപ്രഭാഷണം നടത്തി. ട്രഷറര്‍ വി.പി. മന്മഥന് നായര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ്, ജന. സെക്രട്ടറി പി. ചന്ദ്രശേഖരന് പിള്ള, താലൂക്ക് രക്ഷാധികാരി കെ.ആര്. കൃഷ്ണപിള്ള, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ഹരിലാല്‍ കെ, നഗരസഭാംഗങ്ങളായ വി.വി. വിജയകുമാര്‍, കെ.ആര്. രവി, സുധാശശി, ശ്രീലത, ശ്രീലേഖ, സീന, കെ.വി. പ്രഭ, സുമേഷ്കുമാര് എന്നിവര്‍ സംസാരിച്ചു. താലൂക്ക് ജന. സെക്രട്ടറി സി.കെ. സോമശേഖരന്‍ സ്വാഗതവും ട്രഷറര്‍ നിധീഷ് ഹരി നന്ദിയും പറഞ്ഞു. വിരിവെക്കാനുള്ള സൗകര്യം, അന്നദാനം, ചക്കരക്കാപ്പി, ചുക്കുവെള്ളം, വൈദ്യസഹായം, തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളും ഇവിടെ നിന്നും ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: