ന്യൂദല്‍ഹി: മാവോയിസ്റ്റുകളും നക്‌സലുകളും ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി പഴയ നോട്ടുകളും കള്ളപ്പണവും മാറിയെടുക്കുമെന്ന് കേന്ദ്രത്തിനും സുരക്ഷാ ഏജന്‍സികള്‍ക്കും ആശങ്ക. ഇതേത്തുടര്‍ന്ന് ഐബിയും പോലീസും മറ്റു സുരക്ഷാ ഏജന്‍സികളും ജന്‍ധന്‍ അക്കൗണ്ടുകള്‍ നിരീക്ഷിച്ചുവരികയാണ്.
തങ്ങളുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ അടക്കമുള്ളവ മാവോയിസ്റ്റുകള്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുതെന്ന് പോലീസ് നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ നക്‌സലുകള്‍ ജനങ്ങള്‍ക്ക് നാലായിരം രൂപയുടെ കെട്ടുകള്‍ നല്‍കി മാറിനല്‍കാന്‍ ആവശ്യപ്പെടുന്നുണ്ട്.പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നതായി ഐജി എസ്ആര്‍പി കല്ലൂരി പറഞ്ഞു.
തങ്ങള്‍ വന്‍തോതില്‍ ശേഖരിച്ചുവച്ചിട്ടുള്ള ആയിരം, അഞ്ഞൂറ് രൂപാ നോട്ടുകള്‍ ഏതെങ്കിലുംവിധത്തില്‍ മാറിയെടുക്കാനാണ് ശ്രമിക്കുന്നത്.
അതിനിടെ മാവോയിസ്റ്റുകള്‍ക്ക് പണം മാറി നല്‍കാന്‍ ശ്രമിച്ച ഗ്രാമീണനെ പോലീസ് അറസ്റ്റു ചെയ്തു. ഛത്തീസ്ഗഡിലാണ് സംഭവം.മദ്കാം ഭാണ്ഡിയാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ആറു ലക്ഷം രൂപയും പിടിച്ചു. കഴിഞ്ഞ ദിവസം ബസ്തറിലെ മുറിയപാദക്കു സമീപം ആറു ലക്ഷം രൂപയുമായി മറ്റൊരാള്‍ പിടിയിലായിരുന്നു.
















