കെ.ഡി. സിങ്
കൊല്‍ക്കത്ത: സിപിഎം രാജ്യസഭാംഗം മുഹമ്മദ് സലിം, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോട് പരാതിപ്പെട്ടത്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം കെ.ഡി. സിങ്ങിനെപ്പറ്റിയാണെന്ന് സൂചന. തന്റെ മണ്ഡലമായ റായ്ഗഞ്ചിലെ സഹകരണ ബാങ്കില്‍, നോട്ട് നിരോധനത്തിനു ശേഷം 68 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടായെന്നായിരുന്നു സലിമിന്റെ പരാതി.
കഴിഞ്ഞ കൊല്ലം ഫെബ്രുവരിയിലും, സലിം സിങ്ങിനെതിരേ ജയ്റ്റ്‌ലിക്കു പരാതി നല്‍കിയിരുന്നു. ‘തൃണമൂലിന്റെ പണച്ചാക്ക്’ എന്നാണ് അതില്‍ സിങ്ങിനെ വിശേഷിപ്പിച്ചിരുന്നത്. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിക്കുന്ന കേസുകളില്‍ പ്രതിയായ സിങ്ങിന്റെ ആതിഥ്യം കേന്ദ്ര നേതാക്കള്‍ സ്വീകരിക്കരുതെന്നാണ് അന്ന് സലിം പരാതിയില്‍ ആവശ്യപ്പെട്ടത്.
പാര്‍ലമെന്റില്‍ കേന്ദ്ര നേതാക്കള്‍ക്ക് സിങ് ഉച്ചയൂണ് നല്‍കുന്നതായി സലിം കണ്ടിരുന്നു. അതുകണ്ടപ്പോള്‍ തന്റെ തല കുനിഞ്ഞുപോയെന്നു സലിം കത്തില്‍ പറഞ്ഞു. ധനമന്ത്രാലയത്തിനു കീഴില്‍ വരുന്ന ഏജന്‍സികളാണ് സിങ്ങിനെതിരായ കേസുകള്‍ അന്വേഷിക്കുന്നത്. എന്നതിനാല്‍, ജയ്റ്റ്‌ലി, സിങ്ങിന്റെ ഊണു കഴിക്കുന്നതിനു പകരം വീട്ടില്‍നിന്നു ഭക്ഷണം കൊണ്ടുവരണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
തെഹല്‍ക്കയുടെ ഉടമയായ സിങ്, 2003-06 ല്‍ തന്റെ ആല്‍കെമിസ്റ്റ് ക്യാപിറ്റല്‍ എന്ന കമ്പനിക്കായി 165 കോടി രൂപ അനധികൃത ഓഹരികള്‍ വഴിയുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്, വിപണിയില്‍ ഇടപെടുന്നതില്‍നിന്നു സിങ്ങിനെ സെബി വിലക്കി. 165 കോടി രൂപ 15 ശതമാനം പലിശയോടെ തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടു. സിങ്ങിന്റെ അനന്ത് മീഡിയയാണ്, തെഹല്‍ക്കയുടെ ഉടമ. ഝാര്‍ഖണ്ഡില്‍നിന്നുള്ള എംപിയാണ് സിങ്.
















