അടിമാലി: ഏകാഭിനയത്തില്‍ പെണ്‍ ആധിപത്യം. കാറ്റഗറി 4 വിഭാഗത്തില്‍ മോണോആക്ടില്‍ പങ്കെടുക്കാന്‍ എത്തിയത് വിരലിലെണ്ണാവുന്ന ആണ്‍കുട്ടികള്‍ മാത്രം. പെണ്‍കുട്ടികള്‍ വേദിയില്‍ നിറഞ്ഞാടിയപ്പോള്‍ നിറഞ്ഞ് നിന്നത് ജിഷയും സൗമ്യയും സ്ത്രീ പീഡനവും.
അമ്മയെ ഉപേക്ഷിക്കുന്ന മക്കളും ചുംബന സമരവുമെല്ലാം വിഷയമായി. സമകാലീന സംഭവ
ങ്ങളായ മലയാളികളുടെ ഐ എസ് ബന്ധവും തെരുവ് നായ ശല്യവുമെല്ലാം പലരൂപത്തില്‍ അരങ്ങിലെത്തി. ദൃശ്യ മാധ്യമ പ്രവര്‍ത്തകരെയും മത്സരാര്‍ഥികള്‍ വെറുതെ വിട്ടില്ല. വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള മത്സരഓട്ടത്തില്‍ മനുഷ്യത്വം പോലും മറക്കുന്ന റിപ്പോര്‍ട്ടിങ് രീതിയെയും കുട്ടികള്‍ കണക്കറ്റ് പരിഹസിച്ചു. തീവ്രവാദം, തെരുവ്‌നായ ശല്യം, സ്ത്രീ പീഡനം, ലഹരി എന്നിവ കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കി എന്ന വേദന ബഹുഭൂരുപക്ഷം മത്സരാര്‍ഥികളും പ്രമേയമാക്കിയപ്പോള്‍ ചലച്ചിത്രകാരന്‍ പി ജെ ആന്റണിയുടെ ജീവിതം ഒരാസ്വാദനം, തകഴി, കുമാരനാശാന്‍ എന്നിവരുടെ കൃതികള്‍ തുടങ്ങിയവയെല്ലാം വേദിയില്‍ മിന്നി മറഞ്ഞു.
ഗംഗാനദിയുടെ മലിനീകരണവും വേദിയിലെത്തി. ഗുരുവായൂരിലെ നടതള്ളല്‍ തന്മയത്വത്തോടെ അഭിനയിച്ച് നടി ചാന്ദിനിയുടെ മകള്‍ നന്ദന ശ്രദ്ധ നേടി. അമ്മയെ ക്ഷേത്രത്തില്‍ കൊണ്ട് പോകാനെന്ന വ്യാജേന ഗുരുവായൂര്‍ അമ്പലനടയില്‍ ഉപേക്ഷിച്ച മകനെയും അതിനെതിരെ രംഗത്ത് വന്ന പൊതുപ്രവര്‍ത്തകന്റെ ഇരട്ടമുഖവും നന്ദന ശക്തമായി തന്നെ അവതരിപ്പിച്ചു. നൊന്ത് പ്രസവിച്ച് ഏറെ കഷ്ടപ്പെട്ട് വളര്‍ത്തുന്ന അമ്മമാരെ ഉപേക്ഷിക്കുന്ന മക്കള്‍ക്കുള്ള ശക്തമായ താക്കീതാണ് നന്ദന തന്റെ ഏകാഭിനയത്തിലൂടെ നല്‍കിയത്.
















