ക്രൈസ്റ്റ് ചര്‍ച്ച്: അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ ആറ് വിക്കറ്റ് പിഴുത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ന്യൂസിലാന്‍ഡിനെതിരെ പാക്കിസ്ഥാന്‍ 133ന് പുറത്ത്. 15.5 ഓവറില്‍ വെറും 41 റണ്‍സ് വിട്ടുകൊടുത്താണ് ഗ്രാന്‍ഡ്‌ഹോം ആറ് പാക് വിക്കറ്റുകള്‍ പിഴുതത്. ഗ്രാന്‍ഡ്‌ഹോമിനൊപ്പം ന്യൂസിലാന്‍ഡ് ഓപ്പണര്‍ ജീത്ത് റാവലും ഇന്നലെ അരങ്ങേറ്റം കുറിച്ചു.
തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡ് രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തിട്ടുണ്ട്. 55 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ ജീത്ത് റാവലും 29 റണ്‍സുമായി ഹെന്റി നിക്കോള്‍സും ക്രീസില്‍. ആദ്യ ദിവസത്തെ കളി പൂര്‍ണ്ണമായും മഴയില്‍ ഒലിച്ചുപോയിരുന്നു.
ടോം ലാതം (1), വില്ല്യംസണ്‍ (4), ടെയ്‌ലര്‍ (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജീത്ത് റാവലും (55), ഹെന്റി നിക്കോള്‍സുമാണ് (29) ക്രീസില്‍.
നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ വില്ല്യംസണ്‍ പാക്കിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് പേര്‍ മാത്രം രണ്ടക്കം കണ്ട മത്സരത്തില്‍ 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് ടോപ് സ്‌കോറര്‍. രണ്ടാമത്തെ മികച്ച സ്‌കോര്‍ എക്ട്രാസാണ്. 20 റണ്‍സ്. ഓപ്പണര്‍മാരായ സമി അസ്ലം 19ഉം അഷര്‍ അലി 15ഉം അസദ് ഷഫീഖ് 16ഉം റണ്‍സെടുത്തു. 55.5 ഓവര്‍ മാത്രമാണ് പാക് ഇന്നിങ്ങ്‌സ് നീണ്ടത്.
കിവീസിനുവേണ്ടി ഗ്രാന്‍ഡ്‌ഹോമിന് പുറമെ സൗത്തിയും ബൗള്‍ട്ടും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിങ്ങ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡ് തുടക്കവും തകര്‍ച്ചയോടെ. സ്‌കോര്‍ 15 റണ്‍സ് മാത്രമായപ്പോഴേക്കും ലാഥമിനെയും വില്ല്യംസണിനെയും നഷ്ടമായി. സ്‌കോര്‍ 40-ല്‍ എത്തിയപ്പോള്‍ ടെയ്‌ലറും മടങ്ങിയെങ്കിലും ജീത്ത് റാവലും നിക്കോള്‍സും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്നലത്തെ കളി അവസാനിപ്പിച്ചു.
1951-ല്‍ 155 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്ത അലക്‌സ് മൊയിറിനുശേഷം ഒരു ന്യൂസിലാന്‍ഡ് ബൗളറുടെ അരങ്ങേറ്റത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഗ്രാന്‍ഡ്‌ഹോമിന്റേത്.
















