പൂനെ: ആവേശം അലയടിച്ച, ഗോള്‍ മഴകണ്ട പോരാട്ടത്തില്‍ പൂനെ സിറ്റിക്ക് മികച്ച ജയം. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് പൂനെ ദല്‍ഹി ഡൈനാമോസിനെ തകര്‍ത്തത്. അനിബാളിന്റെ ഇരട്ടഗോളും സിസോക്കോയുടെയും ഇഞ്ചുറി സമയത്ത് ലെനി റോഡ്രിഗസിന്റെയും ഗോളാണ് പൂനെക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ഒരു ഗോളിന് പിന്നിട്ടുനില്‍ക്കുകയും പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു പൂനെ വിജയപീഠമേറിയത്. ഇതോടെ ദല്‍ഹിയുടെ അപരാജിത കുതിപ്പിനും വിരാമമായി. ഏഴ് ഗോള്‍ പിറന്ന കളിയില്‍ ആറെണ്ണവും വീണത് രണ്ടാം പകുതിയില്‍.
ദല്‍ഹിക്കായി കീനന്‍ ലൂയിസും ഇഞ്ചുറിസമയത്ത് മല്‍സോംസൗലയും ഗോള്‍ നേടിയപ്പോള്‍ ഒരെണ്ണം പൂനെ താരം എഡ്വേര്‍ഡോയുടെ വക സെല്‍ഫ് ഗോള്‍. വിജയത്തോടെ പൂനെ 11 കളികളില്‍ നിന്ന് 15 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയര്‍ന്നു.
കളിയുടെ തുടങ്ങി മൂന്ന് മിനിറ്റായപ്പോള്‍ പൂനെക്ക് നല്ലൊരു അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 14-ാം മിനിറ്റില്‍ ദല്‍ഹിക്ക് അവസരം. പന്തുമായി ഒറ്റയ്‌ക്ക് കുതിച്ചുകയറിയ ശേഷംേ സൗമിക് ചക്രവര്‍ത്തി മലൂദയെ ലക്ഷ്യമാക്കി പാസ് നല്‍കി. എന്നാല്‍ മലൂദയുടെ ഷോട്ട് അഡ്വാന്‍സ് ചെയ്ത് മുന്നോട്ടുകയറിയ പൂനെയുടെ ഗോളി അപൗല എദല്‍ രക്ഷപ്പെടുത്തി. 24-ാം മിനിറ്റില്‍ പൂനെക്ക് പെനാല്‍റ്റി.
ബോക്‌സിനുള്ളില്‍ വെച്ച് അനിബാളിനെ വീഴ്‌ത്തിയതിനാണ് സ്‌പോട്ട് കിക്ക് ലഭിച്ചത്. എന്നാല്‍ മുഹമ്മദ് സിസോക്കോയെടുത്ത കിക്ക് ദല്‍ഹി ഗോളി സോറം ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം ലീഡ് ഉയര്‍ത്താന്‍ വീണ്ടും പൂനെക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. അപ്രതീക്ഷിതമായി വീണുകിട്ടിയ പന്തുമായി മുന്നേറി എന്‍ഡോയെ തൊടുത്ത ഷോട്ട് ഡൈനാമോസ് ഗോളി വഴിതിരിച്ചുവിട്ടു. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 44-ാം മിനിറ്റില്‍ കീനന്‍ ലൂയിസിലൂടെ ദല്‍ഹി മുന്നിലെത്തി. മാഴ്‌സെലീഞ്ഞോ നല്‍കിയ ബാക്ക് പാസ്സ് മെമോയിലേക്ക്, വലതു മൂലയില്‍ നിന്ന് മെമോ പോസ്റ്റിന് മുന്നിലേക്ക് നീട്ടിനല്‍കിയ പന്ത് കീനന്‍ ലൂയിസ് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ടപ്പോള്‍ പൂനെ ഗോളി നിസ്സഹായനായി. ഇതോടെ ആദ്യപകുതിയില്‍ ദല്‍ഹി 1-0ന് മുന്നില്‍.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുക എന്ന ലക്ഷ്യത്തോടെ കളത്തിലെത്തിയ പൂനെ മികച്ച കളി നടത്തി. 55-ാം മിനിറ്റില്‍ ഇതിന് ഫലവും കണ്ടു. ബോക്‌സിന് പുറത്തുനിന്ന് ജോനാഥാന്‍ ലൂക്ക എടുത്ത ഫ്രീകിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ അനിബാള്‍ പോസ്റ്റിലെത്തിച്ചു. 7 മിനിറ്റിനുശേഷം പൂനെ ലീഡ് നേടി. നേരത്തെ പെനാല്‍റ്റി പാഴാക്കിയതിന് സിസോക്കോയുടെ പ്രായശ്ചിത്തം. ബോക്‌സിന് പുറത്തുനിന്ന് ജോനാഥന്‍ ലൂക്ക് എടുത്ത ഫ്രീകിക്ക് പോസ്റ്റിന് മുന്നില്‍ നില്‍ക്കുകയായിരുന്ന സിസോക്കോ ബുള്ളറ്റ് ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ദല്‍ഹി ഗോളിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
തൊട്ടുപിന്നാലെ പൂനെ മൂന്നാം ഗോളും നേടി. ദല്‍ഹി ഗോളി സഹതാരം റൂബന് നല്‍കിയ പാസില്‍ വന്ന പിഴവ് മുതലാക്കിയാണ് അനിബാള്‍ വല കുലുക്കിയത്. 79-ാം മിനിറ്റില്‍ സ്വന്തം വലയില്‍ പന്തെത്തിച്ച് എഡ്വേര്‍ഡോ ദല്‍ഹിക്ക് ഒരു ഗോള്‍ കൂടി സമ്മാനിച്ചു. മലൂദയുടെ ക്ലോസ് റേഞ്ച് ഷോട്ട് എഡ്വേര്‍ഡോയുടെ കാലില്‍തട്ടി പോസ്റ്റിലെത്തി.
അവസാന മിനിറ്റുകളില്‍ ഗോള്‍ മടക്കാന്‍ ദല്‍ഹി കിണഞ്ഞു ശ്രമിച്ചെങ്കിലും പൂനെ പ്രതിരോധവും ഗോളിയും അവയെല്ലാം വിഫലമാക്കി. ഇതിനിടെ ഇഞ്ചുറി സമയത്തിന്റെ മൂന്നാം മിനിറ്റില്‍ ലൂക്കയുടെ പാസില്‍ നിന്ന് ലെനി റോഡ്രിഗസ് പൂനെയുടെ ലീഡ് ഉയര്‍ത്തി. തൊട്ടുപിന്നാലെ മല്‍സോംസൗല ദല്‍ഹിക്കായി ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും അനിവാര്യമായ തോല്‍വി ഏറ്റുവാങ്ങാനായിരുന്നു വിധി.
















