ശ്രീകണ്ഠപുരം: അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ധീരമാണെന്നും എന്നാല്‍ ഇതിനെതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ബിജെപി കോഴിക്കോട് മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍ ആവശ്യപ്പെട്ടു. ബിജെപി ഇരിക്കൂര്‍ നിയോജകമണ്ഡലം കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ ഈ നടപടി കള്ളപ്പണക്കാര്‍ക്കും നികുതിവെട്ടിപ്പുകാര്‍ക്കുമാണ് ഇരുട്ടടിയായി മാറിയിട്ടുള്ളത്. പഴയ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിപുലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാര്‍ നടപടിയില്‍ വിറളിപൂണ്ട് കറന്‍സികള്‍ നശിപ്പിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍പോലും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കേരളത്തിലെ ഇടത് വലത് മുന്നണികള്‍ നടത്തുന്ന സമരം കള്ളപ്പണക്കാരെയും അഴിമതിക്കാരെയും സംരക്ഷിക്കാന്‍ മാത്രമേ ഉപകരിക്കയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. ടി.വി.രമേശന്‍, എ.വി.തോമസ് എന്നിവര്‍ സംസാരിച്ചു.
















