അസ്താന (കസാഖിസ്ഥാന്‍) : ചില്ലറക്കാരിയല്ല, ചരിത്രം കുറിച്ച വനിത പെഗി വിറ്റ്‌സണ്‍. ബഹിരാകാശത്ത് എത്തിയ, ഏറ്റവും കൂടുതല്‍ പ്രായമുള്ള വനിതയാണ് അവര്‍. ഇപ്പോള്‍ തന്റെ തന്നെ ഈ റെക്കാര്‍ഡും തിരുത്താനൊരുങ്ങുകയാണ് അവര്‍.
അവരുടെ മൂന്നാം ബഹിരാകാശയാത്രയാണിത്.
57-ാം വയസ്സിലാണ് പെഗി വിറ്റ്‌സണ്‍ വീണ്ടും ബഹിരാകാശത്തേക്ക് പോയത്.
ഇന്നലെ കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍(വിക്ഷേപണകേന്ദ്രം) നിന്നാണ് സോയൂസ് റോക്കറ്റിലെ ബഹിരാകാശ വാഹനത്തില്‍ പെഗി യാത്ര തിരിച്ചത്.
റഷ്യയില്‍ നിന്നുള്ള ഒലേഗ് നോവിറ്റ്‌സ്‌കൈ, ഫ്രാന്‍സില്‍ നിന്നുള്ള തോമസ് പെസ്‌ക്വീറ്റ് എന്നിവരാണ് പെഗി വിറ്റ്‌സനൊപ്പമുള്ളത്. തോമസ് പെസ്‌ക്വിറ്റിന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. അന്താരാഷ്‌ട്ര ബഹികാരാകാശ കേന്ദ്ര( ഐഎസ്എസ്)ത്തിലേക്കാണ് ഇവരുടെ സഞ്ചാരം.
അവിടെ ഇപ്പോള്‍ ഉള്ളവര്‍ക്കൊപ്പം ഇവരും ചേരും. 2017 മെയ് മാസം വരെ നീളുന്നതാണ് ദൗത്യം. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ താമസിച്ചത് പെഗിയാണ്.
2002ലാണ് ആദ്യം പോയത്. പിന്നെ 2007ല്‍ ഐഎസ്എസിന്റെ കമാന്‍ഡറായി. ഫെബ്രുവരിയില്‍ ഇതിന്റെ ചുമതല വീണ്ടും ഏല്‍ക്കുന്നതോടെ മറ്റൊരു റെക്കാര്‍ഡിനു കൂടി അവര്‍ ഉടമയാകും. രണ്ടു തവണ അന്താരാഷ്‌ട്ര ബഹിരാകാശ കേന്ദ്രത്തെ നയിക്കുന്ന വനിതയെന്ന റെക്കാര്‍ഡ്.
















