തൊടുപുഴ: മുട്ടത്തെ ജില്ലാ കോടതി മന്ദിരത്തിലെ ശുചിമുറിയില്‍ ഒളിക്കാമറാ സ്ഥാപിച്ച സംഭവത്തില്‍ അന്വേഷണം കോടതിയിലെ ജീവനകാരനിലേക്ക്. ഭരണകക്ഷിയുടെ പ്രമുഖ നേതാവിലേക്കാണ് അന്വേഷണം നീളുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് കോടതിയുടെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള ശുചിമുറിയില്‍ ഒളികാമറ കണ്ടെത്തിയത്. കാമറ കണ്ടെത്തിയ ജീവനക്കാരിയുടെ പരാതിയിന്മേല്‍ അന്ന് തന്നെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതിയിലെ അറ്റന്‍ഡര്‍ ജോലി നോക്കുന്ന ആലപ്പുഴ സ്വദേശിയെയാണ് പോലീസ് തിരയുന്നത്. അടുത്തിടെ ജോലിയില്‍ കയറിയ ആളാണിയാള്‍. ഫിംഗര്‍പ്രിന്റ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ജീവനക്കാരന്‍ ഒളിവില്‍ പോയത് സംഭവത്തില്‍ ഇദ്ദേഹത്തിന്റെ പങ്ക് വ്യക്തമാക്കുന്നു. അതേ സമയം ഭരണ സ്വാധീനത്തില്‍ പ്രതിയ്‌ക്ക് രക്ഷപ്പെടാന്‍ പോലീസ് വഴിയൊരുക്കുകയാണെന്നും ആരോപണമുണ്ട്. കാഞ്ഞാര്‍ സി.ഐ.ക്കാണ് അന്വേഷണ ചുമതല. കാമറയില്‍ ശേഖരിച്ച ചിത്രങ്ങള്‍ പുറത്ത് പോയിട്ടുണ്ടോ എന്ന ഭീതിയിലാണ് വനിതാ ജീവനക്കാര്‍.
















