വിളപ്പില്‍: ശിക്ഷാനടപടിയുടെ ഭാഗമായി കെഎസ്ഇബി സ്ഥലംമാറ്റിയ എഞ്ചിനീയര്‍ കസേര ഒഴിയാന്‍ കൂട്ടാക്കുന്നില്ല. വൈദ്യുതി ബോര്‍ഡ് പേയാട് സെക്ഷനിലെ എഇ രാമചന്ദ്രന്‍ നായരാണ് സ്ഥലംമാറ്റ ഉത്തരവ് വന്ന് ഒരുമാസം പിന്നിട്ടിട്ടും തത്സ്ഥാനത്ത് തുടരുന്നത്.
കഴിഞ്ഞ സപ്തംബര്‍ 19ന് വിളപ്പില്‍ശാല കരുവിലാഞ്ചിയില്‍ വൈദ്യുതി ലൈനില്‍ അറ്റകുറ്റ പണിയില്‍ ഏര്‍പ്പെട്ടിരുന്ന കരാറുകാരന്‍ ഷോക്കേറ്റ് മരിച്ചിരുന്നു. വെള്ളായണി ശിവോദയം റോഡ് നാങ്കിളിയില്‍ വീട്ടില്‍ ശ്രീകാന്ത്(28) ആണ് ലൈനില്‍ വൈദ്യുതി പ്രവഹിച്ചതുമൂലം ഷോക്കേറ്റ് മരിച്ചത്.
വൈദ്യുതി വകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ സെക്ഷന്‍ ജീവനക്കാരുടെ കൃത്യവിലോപമാണ് അപകട കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പേയാട് സെക്ഷനിലെ സബ് എഞ്ചിനീയറെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
ഈ അപകടത്തെ കുറിച്ചുള്ള തുടരന്വേഷണത്തില്‍ എഇ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഒരു മാസം മുന്‍പ് പേയാട് സെക്ഷനിലെ എഇയെ തിരുമല സെക്ഷനിലെ റ്റിഎംആര്‍ വിഭാഗത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. പേയാട് സെക്ഷനിലേക്ക് നിയോഗിച്ച പുതിയ എഞ്ചിനീയറോട് ഇങ്ങോട്ട് വരരുതെന്ന് ചട്ടംകെട്ടിയാണ് സ്ഥലം മാറ്റപ്പെട്ട എഇ തുടരുന്നതെന്നാണ് ആക്ഷേപം.
സിഐറ്റിയു യൂണിയനില്‍പെട്ട പേയാട് എഇ ഇതേ കസേരയില്‍ തുടരുന്നതില്‍ ഉന്നത രാഷ്‌ട്രീയ സ്വാധീനവും ഉണ്ടെന്നാണ് കേള്‍ക്കുന്നത്.
















