മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ സമനിലകള്‍ക്ക് അറുതിയില്ല. ഗ്രൂപ്പ് സിയില്‍ ഗോവയ്‌ക്കെതിരായ മത്സരവും സമനിലയില്‍. ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ കേരളത്തിന് മൂന്നു പോയിന്റ് ലഭിക്കും. സ്‌കോര്‍: കേരളം – 342, 257/8 ഡിക്ല., ഗോവ – 286, 279/5. ആറു കളികളില്‍ 15 പോയിന്റുമായി അഞ്ചാമത് കേരളം. ഇതില്‍ അഞ്ച് സമനില, ഒരു തോല്‍വി. സമനിലകളെല്ലാം ആദ്യ ഇന്നിങ്‌സ് ലീഡില്‍.
രണ്ടാമിന്നിങ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത കേരളം 314 റണ്‍സ് വിജയലക്ഷ്യമാണ് ഗോവയ്‌ക്കു മുന്നില്‍ വച്ചത്. വെല്ലുവിളി ഏറ്റെടുത്ത ഗോവ, നായകന്‍ സാഗുന്‍ കാമത്തിന്റെ (151) മികവില്‍ പോരാടിയെങ്കിലും സമയവും പിന്തുണയില്ലായ്‌മയും പോരായ്‌മയായി. 176 പന്തില്‍ 18 ഫോറും നാലു സിക്‌സറും നേടി സാഗുന്‍. സ്വപ്‌നില്‍ അസ്‌നോദ്കറും (41), സ്‌നേഹല്‍ കൗന്താങ്കറും (41) പിന്തുണ നല്‍കി.
കേരളത്തിനായി ഇഖ്ബാല്‍ അബ്ദുള്ള നാലും, സന്ദീപ് വാര്യര്‍ ഒന്നും വിക്കറ്റെടുത്തു.
നേരത്തെ വാലറ്റക്കാരുടെ മികവിലാണ് കേരളം മുന്നൂറിനപ്പുറം ലക്ഷ്യം ഗോവയ്‌ക്കു മുന്നില്‍ വച്ചത്. രോഹന്‍ പ്രേമും (70), മുഹമ്മദ് അസറുദ്ദീനും (64) അര്‍ധശതകം നേടി. ഇഖ്ബാല്‍ അബ്ദുള്ള (37), ഫാബിദ് അഹമ്മദ് (22 നോട്ടൗട്ട്), കെ.എസ്. മോനിഷ് (16 നോട്ടൗട്ട്) എന്നിവര്‍ വാലറ്റത്ത് പൊരുതി. ഗോവയ്‌ക്കായി സൗരഭ് ബന്ദേക്കര്‍ അഞ്ചു വിക്കറ്റെടുത്തു.
















