ലോക നന്മയ്‌ക്കുവേണ്ടി പ്രവൃത്തി ചെയ്യേണ്ടവര്‍ ചെറുപ്പത്തിലേ മരണത്തിനിരയാകുന്നു. ഇരുപത്തഞ്ചുവര്‍ഷം വരെ മാതാപിതാക്കള്‍ കഷ്ടപ്പെട്ടു വളര്‍ത്തിയിട്ട് പ്രതിഫലമായി അവര്‍ക്ക് ലഭിക്കുന്നത്, ജീവിതകാലം മുഴുവനും കണ്ണുനീര്; സമൂഹത്തിനോ, മറക്കാനാവാത്ത മുറിവുകള്‍. അങ്ങനെ അവര്‍ മണ്‍മറയുന്നു. ഇതു തുടര്‍ന്നാല്‍ ആകെക്കൂടി നമ്മുടെ തലമുറ നഷ്ടമാകും. അതുകൊണ്ട് ചെറുപ്പക്കാരിറങ്ങി ഇതിനൊരു മാറ്റമുണ്ടാക്കണം.
നല്ല ഉറച്ച ബുദ്ധിയുള്ളവരെക്കൊണ്ടുമാത്രമേ ഇന്ന് സമൂഹത്തെ സേവിക്കുവാന്‍ സാധിക്കുകയുള്ളൂ. ഇന്നത്തെ സ്ഥിതിവിശേഷങ്ങള്‍ക്ക് ആകെക്കൂടി ഒരു പരിഹാരമായുള്ളത് ഭാരതീയ തത്വശാസ്ത്രങ്ങള്‍ മനസ്സിലാക്കുക എന്നുള്ള താണ്. ഇന്ന് ഭൗതിക ശാസ്ത്രം നമ്മുടെ തത്വങ്ങളെ അംഗീകരിച്ച് അതില്‍നിന്ന് അറിവ് നേടുന്നു. അപ്പോള്‍ നമ്മളതിനെ ചവിട്ടിയരയ്‌ക്കാതെ അതുള്‍ക്കൊള്ളുവാന്‍ ശ്രമിക്കുകയാണു വേണ്ടത്.
ഏതുകാലത്തേക്കും വേണ്ട യുക്തി അതിലുണ്ട്. ഭൗതികശാസ്ത്രം എന്തെല്ലാം കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും അതിനെല്ലാം അതീതമായി എപ്പോഴും കുടപിടിച്ചുകൊണ്ടുനില്‍ക്കുന്ന ഒന്നാണ് ഭാരതീയതത്വശാസ്ത്രം. അതിനെ നിങ്ങളൊന്നു ശരിക്ക് പഠിച്ചിട്ട്, അതിനുള്ളിലെ നീരെടുത്തിട്ട് ബാക്കി നിങ്ങള്‍ കളഞ്ഞുകൊള്ളൂ. അങ്ങനെയായാല്‍ അമ്മയ്‌ക്ക് വിരോധമില്ല. അതിലെ യുക്തിയെങ്കിലും നിങ്ങളെടുക്കൂ. നിങ്ങളുടെ യുക്തിക്കിണങ്ങുന്നു എങ്കില്‍ നിങ്ങള്‍ സ്വീകരിക്കൂ.
തൂണില്ലാതെ പ്രകൃതിയില്‍ കെട്ടിടം വയ്‌ക്കാമെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചെന്നിരിക്കാം. ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഈ പ്രപഞ്ചംപോലും നഷ്ടമായെന്നിരിക്കാം. പക്ഷേ, ഇതുകൊണ്ടൊന്നും ഒരു മനസ്സിനോ, ഒരു കുടുംബത്തിനോ സമാധാനം കിട്ടുകയില്ല. വയറുനിറച്ച് ആഹാരം കഴിച്ചിട്ടും ‘മനസ്സമാധാനമില്ല, ഉറക്കം വരുന്നില്ല’ എന്നുപറഞ്ഞുള്ള കരച്ചില്‍ മാത്രമേ ഇന്ന് കേള്‍ക്കുന്നുള്ളൂ. കോടിക്കണക്കിനാളുകളെ അമ്മ ഇത്രയും കാലംകൊണ്ട് കണ്ടുമുട്ടിയിട്ടുമുണ്ട്. അതില്‍ വിരലിലെണ്ണാവുന്നവരുപോലും മനസ്സമാധാനമായി ജീവിക്കുന്നില്ല. ഈ വരുന്നവര്‍ സമ്പത്തിന് കുറവുള്ളവരല്ല. എല്ലാം ഉള്ളവരാണ്. ഒരാള്‍ക്ക് തൊഴിലുകൊടുത്താലോ, സുന്ദരിപ്പെണ്ണിനെക്കൊടുത്താലോ, കെട്ടിടം കൊടുത്താലോ, ഏക്കറുകണക്കിന് വസ്തുകൊടുത്താലോ, അയാള്‍ക്ക് സമാധാനം കിട്ടണമെന്നില്ല. ഇതൊക്കെയുള്ളവരാണ് കൂടുതലും കരഞ്ഞുകാണുന്നത്. ഇതു മാറണമെങ്കില്‍ ആത്മീയത ഉള്‍ക്കൊള്ളണം.
















