ഇരിങ്ങാലക്കുട : ഭിന്നശേഷിക്കാരിയും രോഗബാധിതയുമായ യുവതിയെ ഫോണിലൂടെയും നേരിട്ടും അസഭ്യം പറഞ്ഞ് അപമാനിച്ചതായി പരാതി. പൊറിത്തിശ്ശേരി ചക്കുങ്ങല്‍ സുരേന്ദ്രന്റെ മകള്‍ ഷീബ ചക്കുങ്ങലിനെയാണ് നഗരസഭ 34-ാം വാര്‍ഡ് കൗണ്‍സിലര്‍ ഷീബ ശശിധരന് അപമാനിച്ചതായി ഇരിങ്ങാലക്കുട വനിത പോലീസ്റ്റേഷനില്‍ നല്കിയ പരാതിയില്‍ പറയുന്നത്. വികലാംഗ പെന്ഷന് പോസ്റ്റോഫീസ് വഴി മതിയെന്ന് ഷീബ കൗണ്‍സിലറോട് പറഞ്ഞിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ ഉത്തവ് ആയതിനാല്‍ വീട്ടില്‍ കൊണ്ടുവരുമ്പോള്‍ വാങ്ങണമെന്ന് ആവശ്യപ്പെട്ടു. അതിനോടൊപ്പം സിപിഎം നേതാക്കളും കൗണ്‍സിലറും കൂടി പെന്ഷന് കൊടുക്കുന്നതിന്റെ ഫോട്ടോയും എടുത്തിരുന്നു. അത് ബാങ്കില്‍ തെളിവിനായി കൊടുക്കാനാണെന്നും പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ പെന്ഷന് കൊടുത്തിരുന്ന മറ്റാരുടെയും ഫോട്ടോ എടുത്തിരുന്നില്ലെന്ന് അറിഞ്ഞു.
സര്‍ക്കാരിന്റെ നേട്ടമായി വക്കാനായിരുന്നു പരിപാടിയെന്നറിഞ്ഞപ്പോള് താനതിനെ എതിര്‍ത്തു. കാശ് വാങ്ങാമെങ്കില്‍ ഫോട്ടോ വച്ചാലെന്താ കുഴപ്പമെന്ന് പറഞ്ഞ് ആക്രോശിക്കുകയായിരുന്നു വെന്ന് ഷീബ പറയുന്നു. പിന്നീട് തനിക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ തന്നെ അറിയിക്കുകയോ ഫോമുകള്‍ തരുകയോ ചെയ്യാറില്ലായെന്ന് ഷീബ പറയുന്നു. നേരിട്ട് ഫോമുകള്‍ നഗരസഭയില്‍നിന്ന് വാങ്ങി അപേക്ഷിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഷീബയുടെ ചേട്ടന്റ ഭാര്യ ബിസ്നയെ ഇരിങ്ങാലക്കുട കനറാബാങ്കിന്റെ സമീപത്തുവച്ച് തടഞ്ഞുനിര്‍ത്തി കൗണ്‍സിലര്‍ അപമാനിക്കുവാന്‍ ശ്രമിച്ചിരുന്നു.
മാനസികമായും തന്റെ ശാരീരികപരിമിതിയെ അപമാനിച്ചതിനുമാണ് താന്‍ പരാതി നല്‍കിയതെന്ന് ഷീബ മാധ്യമങ്ങളോട് പറഞ്ഞു. ഇവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും ഷീബ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: