പെരുനാട്: ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ പെരുനാട് കൂനങ്കരയില്‍ ശബരീശരണാശ്രമത്തില്‍ അന്നദാന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പത്തനംതിട്ട ഋഷിജ്ഞാന സാധനാലയത്തിലെ സ്വാമിനി മാതാജി ജ്ഞാനാംബ ഭദ്രദീപം തെളിയിച്ചു. സകല ചരാചരങ്ങളുടേയും അന്ത:സത്ത സ്നേഹമാണെന്ന് വ്യക്തമാക്കിത്തരുന്ന ശാസ്ത്രമാണ് ഹിന്ദുമതമെന്ന് മാതാജി ജ്ഞാനാംബ പറഞ്ഞു. സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും തരംഗങ്ങള്‍ പ്രകൃതിയില്‍ നിന്നുതന്നെ സ്വാംശീകരിക്കാനുള്ള ഇടമാണ് ശബരിമലയെന്നും മാതാജി പറഞ്ഞു.
ശബരിമലയെപ്പറ്റി വിവാദങ്ങളുണ്ടാക്കുന്നവര്‍ വിശ്വാസംകൊണ്ടല്ല, മുതലെടുപ്പിന് വേണ്ടിയാണെന്ന് ചടങ്ങില്‍ സംസാരിച്ച ശബരീശരണാശ്രമം ട്രസ്റ്റ് സെക്രട്ടറിയും ബിജെപി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന് പറഞ്ഞു.
പ്രശസ്തി, സ്ഥാനം, പണം തുടങ്ങിയ സ്വാര്‍ത്ഥ താല്പര്യങ്ങളാണ് വിവാദങ്ങള്‍ക്ക് പിന്നില്‍. ശബരിമലയ്ക്ക് നേരെ ഉയരുന്ന വിവാദങ്ങള്‍ തനിയെ കെട്ടടങ്ങുന്നു. കാരണം അയ്യപ്പന് കല്‍പ്പിത കഥകളല്ല പിന്നില്‍ യഥാര്‍ത്ഥ്യവും സത്യവും നന്മയുമുള്ളതുകൊണ്ടാണ്. ശബരിമലയില്‍ വിനോദത്തിനല്ല തീര്ത്ഥയാത്രയ്ക്കാണ് ഭക്തരെത്തുന്നത്. അയ്യപ്പഭക്തര്‍ക്കായി നടത്തുന്ന അന്നദാനം ഏറ്റവും വലിയ ഈശ്വരപൂജയാണ്. ഭഗവാന്റെ പ്രസാദമായാണ് ഭക്തര്‍ അന്നദാനത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
അന്നദാനം ശബരിമല മേല്‍ശാന്തി ടി.എം.ഉണ്ണികൃഷ്ണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.മാളികപ്പുറം മേല്‍ശാന്തി എം.ഇ.മനുനമ്പൂതിരിയും സന്നിഹിതനായിരുന്നു. ശബരീശരണാശ്രമം ട്രസ്റ്റി കരിങ്കുന്നം രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. പന്തളം രാജപ്രതിനിധി ശശികുമാരവര്‍മ്മ, ശബരിശരണാശ്രമം ട്രസ്റ്റ് പ്രസിഡന്റ് വി.കെ.വിശ്വനാഥന്, ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന ട്രഷറര്‍ വി.പി.മന്മഥന്നായര്, അയ്യപ്പസേവാസമാജം കര്‍ണാടക പ്രസിഡന്റ് ടി.വി.ചന്ദ്രശേഖരന്, പെരുനാട് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ബീന സജി, വാര്‍ഡ് അംഗം മോഹനന്, അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി താഴൂര്‍ ജയന്, സഹസംഘടനാ സെക്രട്ടറി ടി.കെ.കുട്ടന്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സഹകാര്യവാഹ് ആര്.പ്രദീപ്, ബിജെപി സംസ്ഥാന സമിതിയംഗം ടി.ആര്.അജിത്കുമാര്‍, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.എസ്.നരേന്ദ്രനാഥ്, ശബരീശരണാശ്രമം ട്രസ്റ്റി എന്‍.ജി.രവീന്ദ്രന്, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: