ലിസ്ബണ്‍: ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. ക്രിസ്റ്റ്യാനൊയുടെ ഇരട്ട ഗോള്‍ മികവില്‍ ലാത്വിയയെ ഒന്നിനെതിരെ നാലു ഗോളിന് കീഴടക്കി പോര്‍ച്ചുഗല്‍. കരുത്തരായ ബെല്‍ജിയം 8-1ന് എസ്‌തോണിയയെ മുക്കിയപ്പോള്‍, നെതര്‍ലന്‍ഡ്‌സും മികച്ച ജയം സ്വന്തമാക്കി.
ഗ്രൂപ്പ് ബിയില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയ യൂറോപ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനായി 28, 85 മിനിറ്റുകളില്‍ ക്രിസ്റ്റ്യനൊ ലക്ഷ്യം കണ്ടു. വില്യന്‍ (69), ബ്രൂണൊ ആല്‍വസ് (90+) എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍. അര്‍തുഴ്‌സ് ജുസ്‌നിസ് ലാത്വിയയുടെ ആശ്വാസം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഹംഗറി എതിരില്ലാത്ത നാലു ഗോളിന് അന്‍ഡോറയെ തകര്‍ത്തു. സോള്‍ട്ടന്‍ ഗെര, ആദം ലാങ്, ആദം ഗ്യുര്‍സ്‌കോ, ആദം സലായി എന്നിവര്‍ സ്‌കോറര്‍മാര്‍.
മൂന്നാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 2-0ന് ഫറോ ദ്വീപുകളെ കീഴടക്കി. എറെന്‍ ദെര്‍ദിയോക്ക്, സ്റ്റെഫാന്‍ ലിച്ച്‌സ്റ്റെയ്‌നര്‍ സ്‌കോറര്‍മാര്‍. ഗ്രൂപ്പില്‍ 12 പോയിന്റുമായി സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നില്‍. പോര്‍ച്ചുഗല്‍ (ഒമ്പത്), ഹംഗറി (ഏഴ്) ടീമുകള്‍ പിന്നാലെ.
ഗ്രൂപ്പ് എച്ചില്‍ ഡ്രൈസ് മെര്‍ട്ടെന്‍സ്, റൊമേലു ലുക്കാക്കു എന്നിവരുടെ ഇരട്ട ഗോളിലാണ് ബെല്‍ജിയം വന്‍ ജയം കുറിച്ചത്. 16, 67 മിനിറ്റുകളില്‍ മെര്‍ട്ടെന്‍സും 83, 88 മിനിറ്റുകളില്‍ ലുക്കാക്കുവും സ്‌കോര്‍ ചെയ്തു. തോമസ് മ്യുനിയര്‍, യാന്നിക്ക് കറാസ്‌കൊ എന്നിവരും ഗോള്‍ നേടി. റാഗ്നര്‍ ക്ലാവനിന്റെ സെല്‍ഫ് ഗോളും ബെല്‍ജിയത്തിന്റെ അക്കൗണ്ടില്‍. ഹെന്റി അനിയര്‍ എസ്‌തോണിയയുടെ ആശ്വാസം.
അതേസമയം, മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഗ്രീസിന് സമനില. ബോസ്‌നിയ ഹെര്‍സഗോവിനയാണ് ഗ്രീസിനെ തളച്ചത്. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ജോര്‍ജിയസ് സാവെല്ലാസ് നേടിയ ഗോളില്‍ ഗ്രീസ് സമനില പിടിച്ചു. 32ാം മിനിറ്റില്‍ മിരാലെം പാനിക്കിലൂടെ ബോസ്‌നിയ ലീഡെടുത്തത്. സൈപ്രസ് 3-1ന് ജിബ്രാള്‍ട്ടറിനെ കീഴടക്കി. ഗ്രൂപ്പില്‍ 12 പോയിന്റുമായി ബെല്‍ജിയം മുന്നില്‍. ഗ്രീസ് (10), ബോസ്‌നിയ (ഏഴ്) രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.
ഗ്രൂപ്പ് എയില്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ് ഒന്നിനെതിരെ മൂന്നു ഗോളിന് ലക്‌സംബര്‍ഗിനെ തകര്‍ത്തു. 36ാം മിനിറ്റില്‍ ആര്യന്‍ റോബനിലൂടെ മുന്നിലെത്തിയ ഡച്ച് പടയ്‌ക്കായി മെംഫിസ് ഡിപേ ഇരട്ട ഗോള്‍ നേടി. 58, 84 മിനിറ്റുകളില്‍ സ്‌കോര്‍ ചെയ്തു ഡിപേ. മാക്‌സിമെ ചനോട്ട് ലക്‌സംബര്‍ഗിന്റെ ആശ്വാസം. ഫ്രാന്‍സ് (10 പോയിന്റ്) ഒന്നാമതുള്ള ഗ്രൂപ്പില്‍ ഏഴു പോയിന്റുമായി രണ്ടാം സ്ഥാനത്താണ് നെതര്‍ലന്‍ഡ്‌സ്.
















